രാജധാനി ജ്വല്ലറി കവര്‍ച്ച: ആറാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
Dec 23, 2011, 14:25 IST
ഹൊസ്ദുര്‍ഗ്: കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാകേസിലെ ആറാംപ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ മുഹമ്മദിന്റെ മകന് എല്‍ അബ്ദുള്‍ ജബ്ബാറി(27)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതുവരെയായി അബ്ദുള്‍ ജബ്ബാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് പിടികിട്ടാപ്പുള്ളിയായുള്ള പ്രഖ്യാപനം. ഈ കേസിലെ മുഖ്യപ്രതിയായ ബളാല്‍ കല്ലഞ്ചിറ അരീക്കരയിലെ അബ്ദുള്‍ ലത്തീഫ്, കാഞ്ഞങ്ങാട് ആവിയിലെ താഹിറ, ശ്രീകൃഷ്ണ മന്ദിര്‍ റോഡില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ ഷാജി, ഒലവക്കോട് സ്വദേശി നൗഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആഴ്ചകളോളം റിമാന്റില്‍ കഴിഞ്ഞ അഞ്ച് പ്രതികള്‍ക്ക് പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാജധാനി ജ്വല്ലറി കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതാണ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിക്കാന്‍ ഇടവരുത്തിയത്.
ആഴ്ചകളോളം റിമാന്റില്‍ കഴിഞ്ഞ അഞ്ച് പ്രതികള്‍ക്ക് പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാജധാനി ജ്വല്ലറി കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതാണ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിക്കാന്‍ ഇടവരുത്തിയത്.
അതേ സമയം കേസിലെ ആറാം പ്രതിയായ അബ്ദുള്‍ ജബ്ബാറിനെ പിടികൂടാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. അബ്ദുള്‍ ജബ്ബാര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 2010 ഏപ്രില്‍ 14 ന് ഉച്ചയ്ക്കാണ് രാജധാനി ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് കുത്തിത്തുരന്ന് 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും 75,000 രൂപയും കൊള്ളയടിച്ചത്. ജ്വല്ലറി ജീവനക്കാര്‍ ജുമുഅ നമസ്കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയ സമയത്താണ് ജ്വല്ലറിക്കകത്ത് നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്. അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ജോസിചെറിയാന്‍, അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ കെ അഷ്റഫ്, സി ഐമാരായ ബാലകൃഷ്ണന്, സി കെ സുനില്‍ കുമാര്‍, ഡി വൈ എസ് പി വിക്രം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് രാജധാനി ജ്വ ല്ലറി കേസില്‍ അന്വേഷണം നടത്തി വിവിധ ഘട്ടങ്ങളിലായി പ്രതികളെ പിടികൂടിയത്.
പ്രതികള്‍ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവെച്ച ഏഴരക്കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളില്‍ ബാക്കിയുള്ള ഏഴരക്കിലോ സ്വര്‍ണ്ണം ഇനിയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ വില്‍പ്പന നടത്തി ലഭിച്ച പണം ഉപയോഗിച്ച് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരപ്രദേശങ്ങളില്‍ അബ്ദുള്‍ ലത്തീഫ് അടക്കമുള്ള പ്രതികള്‍ വാങ്ങിയ ഇരുനില വീടുകളും ഭൂസ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടികളും പൂര്‍ത്തിയായില്ല. ആറാം പ്രതിയെ പിടികൂടാന്‍ കഴിയാതിരിക്കുകയും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ സാധിക്കാതിരിക്കുകയും പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പാതിവഴിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതോടെ രാജധാനി ജ്വല്ലറി കവര്‍ച്ചാകേസിന്റെ തുടര്‍ നടപടികള്‍ സ്തംഭനാവസ്ഥയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജ്വല്ലറിയുടമ കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി ജ്വല്ലറി കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. കേസ് 2012 മാര്‍ച്ച് 6 ന് കോടതി വീണ്ടും പരിഗണിക്കും.
Keywords: rajadhani-jewellery, Robbery-case, Kanhangad, Kasaragod