അലാമിപ്പള്ളി ഭൂമി തട്ടിപ്പ്: മുന്‍ നഗരസഭ സെക്രട്ടറിക്കും എഞ്ചിനീയര്‍മാര്‍ക്കും സ്ഥലമുടമകള്‍ക്കുമെതിരെ വിജിലന്‍സ് കേസ്
Jan 1, 2015, 18:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2015) അലാമിപ്പള്ളിയില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ നിയന്ത്രണത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡും സ്റ്റേഡിയവും പണിയുന്നതിന് സ്ഥലം അക്വയര്‍ ചെയ്തത് മറയാക്കി ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍ സെക്രട്ടറിക്കും രണ്ട് എഞ്ചിനീയര്‍മാര്‍ക്കും സ്ത്രീകളായ രണ്ട് സ്ത്രീകള്‍ക്കുമെതിരെ കാസര്‍കോട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.
നഗരസഭ സെക്രട്ടറിയായിരുന്ന എം.സി. ജോണ്‍, നഗരസഭ എഞ്ചിനീയര്‍മാരായിരുന്ന എം.ടി. ഗണേശന്‍, ജി. ബാലചന്ദ്രന്‍ എന്നിവര്‍ക്കും സ്ഥലം ഉടമകളായ അലാമിപ്പള്ളി സ്വദേശിനികള്‍ക്കുമെതിരെയാണ് കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസെടുത്തത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം വിജിലന്‍സ് സംഘം കേരള ഹൈക്കോടതിയിലും റിപോര്‍ട്ട് ചെയ്യും.
അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഒഴിവാക്കി കൊടുക്കുവാന്‍ തീരുമാനിച്ചുവെന്ന് 2009 ജൂലായ് 16 ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സില്‍ കളവായി രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ നേതാവും സി.പി.എം. കൗണ്‍സിലറുമായ കെ. രവീന്ദ്രന്‍ പുതുക്കൈ ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്.
ഹര്‍ജി പരിഗണിച്ച കോടതി കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയോടും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയോടും നഗരസഭ ചെയര്‍പേഴ്‌സണോടും മുനിസിപ്പല്‍ ഡയറക്ടറോടും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം ഉടമകള്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിനുട്‌സ് തിരുത്തിയതിനും ഭൂമി കുംഭകോണം നടത്തിയതിനും കേസെടുത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹരജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ചില സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാനും അവരുടെ ഭൂമി അവര്‍ക്കു തന്നെ വിട്ടു കൊടുത്ത് അക്വയര്‍ നടപടികളില്‍ നിന്ന്ഒഴിവാക്കാനും നഗരസഭ കൗണ്‍സിലിന്റെ മിനുട്‌സില്‍ വ്യാജ തീരുമാനം രേഖപ്പെടുത്തിയതും അലാമിപ്പള്ളിയില്‍ അക്വയര്‍ ചെയ്ത സ്ഥലം മറയാക്കി നടന്ന അഴിമതി മാസങ്ങളായി വന്‍ വിവാദം സൃഷ്ടിച്ചു വരികയാണ്.