Suspension | ആയുർവേദ മരുന്ന് കുടിച്ച കെഎസ്ആർടിസി ജീവനക്കാരനെ മദ്യപിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തു; ചികിത്സാ രേഖകൾ ഹാജരാക്കിയിട്ടും നടപടിയില്ല
● ബ്രത്ത് അനലൈസറിലാണ് പിഴവ് കണ്ടെത്തിയത്.
● ചികിത്സാ രേഖകൾ ഹാജരാക്കിയിട്ടും ഫലമില്ല.
● കാഞ്ഞങ്ങാട് ഡിപ്പോയിലെ മെക്കാനിക്കാണ്.
● നിയമനടപടിക്ക് ഒരുങ്ങുകയാണ് ജീവനക്കാരൻ.
കാഞ്ഞങ്ങാട്: (KasargodVartha) ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കാത്ത കെഎസ്ആർടിസി ജീവനക്കാരനെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് ആരോപിച്ച് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി പരാതി. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയും കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ മെക്കാനിക്കുമായ പി. രാജേഷിനെയാണ് ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ മദ്യപിച്ചെന്ന് കണ്ടെത്തി കഴിഞ്ഞ മാസം 20-ന് സസ്പെൻഡ് ചെയ്തത്.
2021-ൽ വീട് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ് L2-L3 ഫ്രാക്ചർ സംഭവിച്ചതിനെ തുടർന്ന് രാജേഷ് കണ്ണൂർ കൊയിലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി സ്റ്റീൽ ദണ്ഡ് (സ്റ്റിക്ക്, റാഡ്) ഘടിപ്പിച്ച് ചികിത്സയിൽ ആയിരുന്നു.
2024 ഡിസംബർ 10-ന് ശ്രീരാമകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും ഈ സ്റ്റീൽ ദണ്ഡ് നീക്കം ചെയ്തു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇരിട്ടിയിലെയും പയ്യന്നൂരിലെയും ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി, ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ചികിത്സകൾ രാജേഷ് നടത്തിവരികയായിരുന്നു.
ഈ ചികിത്സയുടെ ഭാഗമായി കഷായം, ലേഹ്യം തുടങ്ങിയ ആയുർവേദ മരുന്നുകൾ രാജേഷിന് നൽകിയിരുന്നു. ഇത്തരത്തിൽ രാവിലെ വെറും വയറ്റിൽ ആയുർവേദ മരുന്ന് കഴിച്ച ശേഷം പുലർച്ചെ 6.02 -ന് ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ രാജേഷിനെ പതിവ് പരിശോധനയുടെ ഭാഗമായി ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തുകയും തുടർന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത്.
Also Read - ട്രെയിൻ യാത്രയിൽ നാടകീയ സംഭവങ്ങൾ; യുവാവ് പിടിയിൽ
താൻ മദ്യപിച്ചിട്ടില്ലെന്നും ആയുർവേദ മരുന്ന് കഴിച്ചതിൻ്റെ ഫലമായി മെഷീൻ തെറ്റായ റിപ്പോർട്ട് നൽകിയതാകാമെന്നും രാജേഷ് അധികൃതരോട് പറഞ്ഞു. രക്തപരിശോധന നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക നിർദ്ദേശമില്ലാത്തതിനാൽ അതിന് സാധിക്കില്ല എന്നായിരുന്നു മറുപടി.
അന്ന് രാവിലെ 10.48-ന് രാജേഷ് പടന്നക്കാട് ആയുർവേദ ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം ധരിപ്പിച്ചപ്പോൾ, ആയുർവേദ മരുന്നിൽ ആൽക്കഹോളിന്റെ അംശം ഉണ്ടാകാമെന്നും അതായിരിക്കാം തെറ്റായ റിപ്പോർട്ടിന് കാരണമെന്നും ഡോക്ടർ വിശദീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരുന്ന് കഴിച്ച ശേഷവും അതിനു മുൻപും നടത്തിയ പരിശോധനയിൽ രാജേഷ് മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആയുർവേദ ചികിത്സ നടത്തിയ ആശുപത്രിയിൽ നിന്നുള്ള ചികിത്സാ സർട്ടിഫിക്കറ്റും മറ്റ് മെഡിക്കൽ രേഖകളും സഹിതം അപേക്ഷ നൽകിയിട്ടും ബന്ധപ്പെട്ടവർ ഇത് പരിശോധിച്ച് നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് രാജേഷ് ആരോപിച്ചു. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നിയമപരമായി മുന്നോട്ട് പോകാനാണ് രാജേഷിൻ്റെ തീരുമാനം.
ഏതാനും ദിവസം മുൻപ് കോഴിക്കോട്ടും സമാനമായ രീതിയിൽ ഹോമിയോ മരുന്ന് കഴിച്ചതിന്റെ പേരിൽ ബ്രത്ത് അനലൈസറിലൂടെ പരിശോധന നടത്തി കെ എസ ആർ ടി സി ബസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്ത സംഭാവവും ഉണ്ടായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായ ആർ.ഇ.സി. മലയമ്മ സ്വദേശി ടി.കെ. ഷിദീഷിനെയാണ് സസ്‌പെന്റ് ചെയ്തത്. എന്നാൽ ഹോമിയോ മരുന്ന് കഴിച്ചതിനാലാണ് ഇത്തരത്തിൽ ബ്രത്ത് അനലൈസർ റിപ്പോർട്ട് ചെയ്തതതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഇദ്ദേഹത്തിനെതിരെയുള്ള നടപടി പിൻവലിക്കുകയായിരുന്നു. ഇത്തരത്തിൽ തെറ്റായ നടപടി ഉണ്ടാവുന്നത് ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും ഇടയിൽ പ്രതിഷേധം ശക്തമാവാൻ കാരണമായിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A KSRTC mechanic, P. Rajesh from Kanhangad depot, was suspended after a breathalyzer test indicated he was drunk on duty. Rajesh, who claims to have never consumed alcohol, had taken Ayurvedic medicine for a spinal injury treatment. Despite providing medical records confirming his treatment and a doctor's explanation about potential alcohol content in Ayurvedic medicines, no action has been taken to revoke his suspension. A similar incident occurred recently in Kozhikode where a bus driver was suspended after consuming homeopathic medicine, but his suspension was later revoked.
#KSRTC #Suspension #AyurvedicMedicine #Breathalyzer #Injustice #Kerala #EmployeeRights