city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോണികളില്‍ വാടകയ്ക്ക് എഞ്ചിന്‍ പിടിപ്പിച്ച് പെര്‍മിറ്റ് നേടാന്‍ മണ്ണെണ്ണ ലോബികള്‍ രംഗത്ത്

തോണികളില്‍ വാടകയ്ക്ക് എഞ്ചിന്‍ പിടിപ്പിച്ച് പെര്‍മിറ്റ് നേടാന്‍ മണ്ണെണ്ണ ലോബികള്‍ രംഗത്ത് കാഞ്ഞങ്ങാട്: മണ്ണെണ്ണക്ക് വേണ്ടി തീരദേശത്ത് ഇടനിലക്കാരുടെ പരക്കം പാച്ചില്‍. മത്സ്യബന്ധനത്തിനിറങ്ങുന്ന തോണികളുടെയും ബോട്ടുകളുടെയും സംയുക്ത പരിശോധന നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ പുതുക്കിയെടുക്കുന്നതിനും അനര്‍ഹര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നിലനിര്‍ത്തി കൊടുക്കുന്നതിനും മണ്ണെണ്ണ ലോബി ശക്തമായി രംഗത്തുവന്നു.

സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന നവംബര്‍ 18 ന് ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും സിവില്‍ സപ്ലൈസിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കെയാണ് മണ്ണെണ്ണ ലോബി കരുനീക്കങ്ങള്‍ ശക്തമാക്കിയത്. തോണികളുടെയും ബോട്ടുകളുടെയും മണ്ണെണ്ണ പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തി വന്‍തോതില്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന മണ്ണെണ്ണ മാഫിയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ 1085 മത്സ്യബന്ധന ബോട്ടുകളും തോണികളുമാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംയുക്ത പരിശോധനക്കും മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാനും അപേക്ഷ നല്‍കിയിട്ടുള്ളത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 521 ഉം കാസര്‍കോട് താലൂക്കില്‍ 564 ഉം അപേക്ഷകളാണ് മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പെര്‍മിറ്റ് പുതുക്കലിന്റെ ഭാഗമായി തോണികളും ബോട്ടുകളും ഫിഷറീസ് വകുപ്പും മത്സ്യഫെഡും പരിശോധിക്കും. ഇവയില്‍ ഘടിപ്പിക്കുന്ന യാനങ്ങള്‍ പരിശോധിക്കുന്നത് സിവില്‍ സപ്ലൈസ് വകുപ്പാണ്. പലരുടെയും മണ്ണെണ്ണ പെര്‍മിറ്റ് കാലഹരണപ്പെട്ടുവെന്ന് കണക്കെടുത്ത മണ്ണെണ്ണ ലോബി ഇത്തരക്കാരെ സ്വാധീനിച്ച് പെര്‍മിറ്റ് പുതുക്കിയെടുത്ത് കരിഞ്ചന്തയിലേക്ക് മണ്ണെണ്ണ മറിച്ച് വില്‍ക്കുകയാണ് പതിവ്.

പെര്‍മിറ്റുള്ള നൂറുകണക്കിന് ഉടമകള്‍ മത്സ്യബന്ധനത്തിന് വര്‍ഷങ്ങളായി താല്പര്യം കാട്ടുന്നില്ല. ഇത്തരക്കാരുടെ പെര്‍മിറ്റ് പുതുക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത് മണ്ണെണ്ണ ലോബിയാണ്. പലര്‍ക്കും തോണി ഇല്ലെങ്കിലും അതെങ്ങനെയെങ്കിലും സംഘടിപ്പിക്കുകയും മംഗലാപുരത്ത് നിന്ന് വാടകക്ക് എഞ്ചിന്‍ സംഘടിപ്പിച്ച് അത് തോണികളില്‍ ഘടിപ്പിച്ച് പരിശോധനയിലൂടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പെര്‍മിറ്റ് പുതുക്കിയെടുക്കുകയാണ് പതിവ്. ഇത്തവണയും അത് തുടരുമെന്നാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് പതിമൂന്ന് രൂപയാണ് പെര്‍മിറ്റുള്ളവരില്‍ നിന്ന് ഈടാക്കാറുള്ളത്. കൂടിയ വിലക്ക് ഇത് വാങ്ങുന്ന മണ്ണെണ്ണ ലോബി ഒരു ലിറ്ററിന് 45 രൂപ മുതല്‍ 60 രൂപവരെ ഈടാക്കി കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലക്ഷങ്ങള്‍ കീശയിലാക്കുകയാണ് പതിവ്. 7.7 കുതിരശക്തിയുള്ള എഞ്ചിന്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 115 ലിറ്ററും 40 കുതിര ശക്തിയുള്ള എഞ്ചിന്‍ ഉപയോഗിക്കുന്നവര്‍ക്ക് 179 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വകുപ്പ് പെര്‍മിറ്റിലൂടെ അനുവദിക്കാറുള്ളത്. നിലവിലുള്ള പെര്‍മിറ്റ് അനുസരിച്ച് കാസര്‍കോട് താലൂക്കില്‍ 90,000 ലിറ്റര്‍ മണ്ണെണ്ണയും ഹൊസ്ദുര്‍ഗ് താലൂക്കില്‍ 79,000 ലിറ്റര്‍ മണ്ണെണ്ണയും വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായി അധികൃതര്‍ക്ക് തന്നെ നിശ്ചയമുണ്ട്. കാര്യക്ഷമമായ പരിശോധന നടക്കാത്തതാണ് മണ്ണെണ്ണ ലോബിക്ക് തട്ടിപ്പും വെട്ടിപ്പും നടത്താന്‍ സഹായകരമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: Kerosene, Permit, Boat, Rent, Mangalore, Engine, Fisheries department, Civil supply, Kasaragod, Kanhangad, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia