Development | 'പല രംഗത്തും പിന്നിൽ'; കാസർകോടിന്റെ സമഗ്രവികസനത്തിനായുള്ള നിർണായക ആവശ്യകതകൾ ഉന്നയിച്ച് സിപിഎം ജില്ലാ സമ്മേളനം
● വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ അനിവാര്യം
● സ്പോർട്സ് ഡിവിഷനും, കായിക അക്കാദമിയും സ്ഥാപിക്കണം
● കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിക്കണം
കാഞ്ഞങ്ങാട്: (KasargodVartha) കാസർകോട് ജില്ലയുടെ സമഗ്രവികസനത്തിനായുള്ള നിർണായക ആവശ്യകതകൾ ഉന്നയിച്ച് സിപിഎം ജില്ലാ സമ്മേളനം. കായിക മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സ്പോർട്സ് ഡിവിഷനും, വിനോദസഞ്ചാര മേഖലയിൽ കാര്യക്ഷമമായ നിക്ഷേപ സാധ്യതകളും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്സുകളും, വ്യവസായ മേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണവും, റെയിൽവേ രംഗത്ത് സൗകര്യങ്ങളുടെ വികസനവും അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കായിക സ്വപ്‌നങ്ങൾ പൂവണിയാൻ
കാസർകോട് ജില്ല കായിക രംഗത്ത് ഏറെ പിന്നിലാണ്. എന്നാൽ പ്രതിഭകൾക്ക് ഒട്ടും കുറവില്ല. കബഡി, ഫുട്ബോൾ, വടംവലി, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ഇനങ്ങളിൽ ദേശീയ തലത്തിൽ വരെ കഴിവ് തെളിയിച്ച താരങ്ങൾ ജില്ലയിലുണ്ട്. കായിക രംഗത്തെ പരിമിതികൾ മറികടക്കാൻ ചിട്ടയായ പരിശീലനവും വിദഗ്ധ പരിശീലകരും അത്യാവശ്യമാണ്. നീലേശ്വരത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും, തൃക്കരിപ്പൂരിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും യാഥാർഥ്യമായെങ്കിലും കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഒരു സ്പോർട്സ് ഹോസ്റ്റൽ മാത്രമാണുള്ളത്.
സംസ്ഥാന സർക്കാരിന്റെ കീഴിൽ കായിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. തുളു കബഡി അക്കാദമി പ്രഖ്യാപനത്തിൽ ഒതുങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച സ്പോർട്സ് ഡിവിഷൻ ഇപ്പോഴും കടലാസിൽ മാത്രമാണ്. ജില്ലയിലെ സർക്കാർ കോളേജുകളിൽ പോലും കായികരംഗം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിൽ എല്ലാ കായിക ഇനങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ കായിക വികസനത്തിന് ഉതകുന്ന രൂപത്തിൽ സ്പോർട്സ് ഡിവിഷനും, കായിക അക്കാദമിയും സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിനോദസഞ്ചാര സാധ്യതകൾ
വിശാലമായ തീരദേശം, മനോഹരമായ പശ്ചിമഘട്ട മലനിരകൾ, നദികൾ, അരുവികൾ, കൃഷിയിടങ്ങൾ, പരമ്പരാഗത ജീവിതരീതികൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം കാസർകോടിന്റെ വിനോദസഞ്ചാര സാധ്യതകളാണ്. ബേക്കൽ കോട്ട, റാണിപുരം, വലിയപറമ്പ്, കാപ്പിൽ ബീച്ച്, മഞ്ചേശ്വരം ജൈന ക്ഷേത്രം, അനന്തപുരം ക്ഷേത്രം, ചന്ദ്രഗിരി കോട്ട, തുളുവർവനം, മായ്പാടി കൊട്ടാരം, നീലേശ്വരം രാജാസ് സ്ക്വയർ, വീരമല കുന്ന്, വെള്ളിക്കോത്ത് പി സ്മാരകം, ഹോസ്ദുർഗ്ഗ് കോട്ട, ഗോവിന്ദപൈ സ്മാരകം, നിത്യാനന്ദാശ്രമം തുടങ്ങിയ ഒട്ടനവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.
റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവയിലായി 500-ൽ അധികം റൂമുകളും, 38 ഹൗസ് ബോട്ടുകളും ജില്ലയിലുണ്ട്. മലനാട് റിവർ ക്രൂയിസിന്റെ ബോട്ട് ജട്ടികളും, കയാക്കിംഗ്, വാട്ടർ അഡ്വഞ്ചർ സ്പോർട്സുകളും ജില്ലയിലുണ്ട്. ടൂറിസം സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളും സജീവമാണ്. എന്നാൽ ടൂറിസം മേഖലയെ ജില്ലയുടെ പ്രധാന വരുമാന മാർഗമായി ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുതൽ കാര്യക്ഷമമായ സമീപനം ഉണ്ടായാൽ കാസർകോട് ജില്ലക്ക് വലിയ മുന്നേറ്റം നടത്താൻ സാധിക്കും.
ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ
പുതിയ കാലഘട്ടത്തിന് അനുസരിച്ച് കേരളത്തെ മുന്നോട്ട് നയിക്കാൻ നവകേരള വികസന കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നത്. വൈജ്ഞാനിക സമ്പദ്ഘടനയാണ് ലക്ഷ്യം. അതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖല മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നിലാണ്. ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന 13970 വിദ്യാർത്ഥികളിൽ 7000-ൽ താഴെ പേർക്ക് മാത്രമാണ് തുടർന്ന് പഠിക്കാൻ സൗകര്യമുള്ളത്.
ഉദുമയിലും, കരിന്തളത്തും ഗവൺമെൻ്റ് കോളേജുകൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് ലോ കോളേജും, പുതിയ ഗവൺമെൻ്റ് നഴ്സിംഗ് കോളേജും അനുവദിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ കോഴ്സുകൾ ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള ന്യൂജൻ കോഴ്സുകളും, മറൈൻ സയൻസ്, മറൈൻ എഞ്ചിനീയറിംഗ്, ഷിപ്പിംഗ് കോളേജ് എന്നിവയും യാഥാർഥ്യമാക്കണം. കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിക്കണം. സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്സ് അടിയന്തരമായി ആരംഭിക്കുകയും, റഫറൻസ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വേണം.
വ്യവസായ മേഖലയ്ക്ക് കൈത്താങ്ങ്
കേരളത്തിലെ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാൽ കാസർകോട് ജില്ലയിൽ ശ്രദ്ധേയമായ വ്യവസായ സംരംഭങ്ങൾ കുറവാണ്. ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് ആരംഭിച്ച സ്ഥാപനങ്ങൾ പോലും പ്രതിസന്ധിയിലാണ്. മൊഗ്രാൽ പുത്തൂരിലെ ഭെൽ ഇ.എം.എൽ കമ്പനി അടച്ചുപൂട്ടി. എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് കെൽ ഇ.എം.എൽ എന്ന കമ്പനി പുതുതായി രജിസ്റ്റർ ചെയ്തു. എന്നാൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു കാരണം കമ്പനി ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ല. ഉദുമ ടെക്സ്റ്റൈൽസ് മിൽ ലാഭകരമല്ലാതെ പ്രവർത്തിക്കുന്നു. അസ്ട്രൽ വാച്ച് കമ്പനിയുടെ കെട്ടിടം തകർന്നു കിടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി ഉണ്ടാകണം.
റെയിൽവേ വികസനം അനിവാര്യം
റെയിൽവേ രംഗത്ത് കാസർകോട് ജില്ല നിരവധി പരാധീനതകൾ അനുഭവിക്കുന്നു. ട്രെയിൻ സൗകര്യം ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. നിലവിൽ ഓടുന്ന ട്രെയിനുകൾക്ക് ആവശ്യത്തിനനുസരിച്ച് സ്റ്റോപ്പുകൾ ലഭിക്കണം. ചില ദീർഘദൂര ട്രെയിനുകൾക്ക് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലുമില്ല. കൂടുതൽ ട്രെയിനുകൾ ജില്ലയിലൂടെ ഓടിക്കുകയും, അവയ്ക്ക് സ്റ്റോപ്പുകൾ അനുവദിക്കുകയും വേണം. ഷോർണൂരിനും, മംഗലാപുരത്തിനും ഇടയിൽ പകൽ സമയം കൂടുതൽ മെമു ട്രെയിനുകൾ ഏർപ്പെടുത്തണം. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വേണം.
കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, കോട്ടിക്കുളം സ്റ്റേഷനുകളിൽ പുതിയ പദ്ധതികൾ ഒന്നും അനുവദിച്ചിട്ടില്ല. ഉപ്പള റെയിൽവേ സ്റ്റേഷൻ റെയിൽവേ മാപ്പിൽ നിന്നും മാഞ്ഞുപോകുന്ന സ്ഥിതിയാണ്. മഞ്ചേശ്വരം, കുമ്പള, ബേക്കൽ, ഫോർട്ട് സ്റ്റേഷനുകൾക്ക് അർഹമായ പരിഗണന നൽകി വികസന പദ്ധതികൾ നടപ്പാക്കണം. ചന്തേര, കടനാട് ഹാൾട്ടുകൾ പേരിനു മാത്രമാണ് നിലനിൽക്കുന്നത്. ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉചിതമായ നടപടി ഉണ്ടാകണമെന്നും സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
The CPM district conference has put forward crucial demands for the overall development of Kasaragod district. The conference pointed out the need for a sports division to address the backwardness in the sports sector, efficient investment opportunities in the tourism sector, new courses in the higher education sector, revitalization of public sector institutions in the industrial sector, and development of facilities in the railway sector.
#KasaragodDevelopment #CPIMConference #Sports #Tourism #HigherEducation #Railway