Station Upgrade | കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പുതുമയിലേക്ക്; അംബ്രെല്ല പദ്ധതിയിൽ ഉൾപ്പെടുത്തി
● ലോക്‌സഭയിൽ നിരന്തരമായി ഉന്നയിച്ച വിഷയമായിരുന്നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ അവസ്ഥ.
● സ്റ്റേഷൻ റോഡ്, പാർക്കിംഗ്, പ്ലാറ്റ്‌ഫോം, ടോയ്‌ലറ്റ് എന്നിവയ്ക്ക് മെച്ചപ്പെടുത്തലുകൾ നൽകും.
● കൂടുതൽ ട്രെയിനുകൾ നിർത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. 2024-25 അംബ്രെല്ല പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട നിർദേശം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ നിരന്തരമായി ഉന്നയിച്ച വിഷയമായിരുന്നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ അവസ്ഥ. ജനങ്ങളുടെ നിരവധി പരാതികൾ പരിഗണിച്ച് റെയിൽവേ അധികൃതരെ സമീപിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടം. സ്റ്റേഷൻ റോഡ് നവീകരണം, പാർക്കിംഗ് സൗകര്യം വർധിപ്പിക്കൽ, പ്ലാറ്റ്‌ഫോം ഷെൽട്ടർ നിർമ്മാണം, ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണം, ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, റെസ്റ്റോറന്റ് സൗകര്യം, റിസർവേഷൻ ബ്ലോക്ക് നവീകരണം, ആർപിഎഫ് ബൂത്ത് സ്ഥാപിക്കൽ, വിഐപി ലോഞ്ച് നിർമ്മാണം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്.
ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പുതിയൊരു രൂപത്തിൽ പ്രവർത്തിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.
#Kanhangad #RailwayStation #Infrastructure #Development #Kerala #Transportation