കാഞ്ഞങ്ങാട് നഗരസഭ ബജറ്റില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്തിയ പരിഗണന
Mar 27, 2013, 19:22 IST
File photo |
നഗരത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെ അടിസ്ഥാനം പശ്ചാത്തല വികസനമാണെന്ന് മനസിലാക്കി ഈ മേഖലക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ നല്‍കിയിട്ടുള്ളത്. വികസന പാതയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒമ്പതര കോടി രൂപ നീക്കിവെച്ചു. അലാമിപ്പള്ളിയില്‍ ബസ് സ്റ്റാൻഡ് വികസനം ഉള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ആറ് കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
വിവിധ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.6 കോടി രൂപയും പൊതുപ്രവര്‍ത്തികള്‍ക്കായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. അടിയന്തിര റോഡ് റിപ്പയര്‍ പ്രവര്‍ത്തികള്‍ക്ക് 75 ലക്ഷം രൂപ, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 21.5 ലക്ഷം രൂപ, തെരുവ് വിളക്കുകളുടെ പരിപാലനത്തിന് 24 ലക്ഷം രൂപ, കെ. എസ്.ടി.പി. റോഡ് വികസനം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ട്രാഫിക് സിഗ്‌നല്‍ സിസ്റ്റത്തിന് 10 ലക്ഷം രൂപ, നഗരസഭയുടെ ഭാവി വികസനം സംബന്ധിച്ച് ശാസ്ത്രീയമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 19.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരപരിധിയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സഹകരണത്തോടെ പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. റെയില്‍വേക്ക് സമാന്തരമായുള്ള ഓട നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപയും നീക്കിവെച്ചു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കായി പൊതുമൂത്രപ്പുരകള്‍ നിര്‍മിക്കും. നഗരസഭ ഓഫീസിന്റെ പുതിയ കെട്ടിടത്തില്‍ പബ്ലിക് ടോയ്‌ലറ്റും ഓഫീസ് കോമ്പൗണ്ടില്‍ ഇ-ടോയ്‌ലറ്റും നിര്‍മിക്കും.
വാഴുന്നോറൊടി കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. അലാമിപ്പള്ളിയിലെ പൊതുകുളം റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമാക്കാന്‍ ഒമ്പത് ലക്ഷം രൂപയും തീരദേശ മേഖലയിലെ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 21 ലക്ഷം രൂപയും മാറ്റിവെച്ചു. കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യത്തോടെ മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അറവുശാലക്ക് 75 ലക്ഷം രൂപയും നീക്കിവെച്ചു. മേലാങ്കോട്ട് കുറുന്തൂര്‍ ശ്മശാന നവീകരണത്തിന് ഏഴ് ലക്ഷം രൂപയും നീക്കിവെച്ചു.
വിവിധ രോഗങ്ങളാലും മറ്റും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ചെയര്‍മാന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കാനും ഇതിന്റെ ഫണ്ട് ശേഖരണാര്‍ഥം കാഞ്ഞങ്ങാട്ട് കാര്‍ണിവെല്‍ സംഘടിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 4.8 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
53 കോടി 49 ലക്ഷം രൂപ വരവും 51 കോടി 20 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന രണ്ടേകാല്‍ കോടി മിച്ചമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അവതരിപ്പിച്ചത്.
Keywords: Kanhangad, Municipality, Budget, Alamipally, Bus stand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News