city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷാ വധം: പുനരന്വേഷണം ആവശ്യമില്ലെന്ന് പോലീസ്

ജിഷാ വധം: പുനരന്വേഷണം ആവശ്യമില്ലെന്ന് പോലീസ്
നീലേശ്വരം: മടിക്കൈ കക്കാട്ടെ ജിഷവധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ള പോലീസ് റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇപ്പോഴത്തെ അന്വേഷണം തന്നെ മതിയായ തെളിവുകള്‍ ഉള്ളതാണെന്നും തൃപ്തികരമായ രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അതുകൊണ്ടുതന്നെ പുനരന്വേഷണം ആവശ്യമില്ലെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് നീലേശ്വരം പോലീസ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്.

ഈ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ച ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് ആദ്യം ഹൈക്കോടതിയിലാണ് ഹരജി നല്‍കിയിരുന്നത്. എന്നാല്‍ കേസ് നിലനില്‍ക്കുന്നജില്ലയിലെ കോടതിയില്‍ തന്നെ ഹരജി നല്‍കാന്‍ ഹൈക്കോടതി ജിഷയുടെ പിതാവ് കോട്ടമലയിലെ പരിയാരത്ത് വീട്ടില്‍ കുഞ്ഞികൃഷ്ണന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ജിഷാ വധക്കേസിന്റെ കുറ്റപത്രം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (2)കോടതിയിലാണ് നീലേശ്വരം പോലീസ് സമര്‍പ്പിച്ചതെങ്കിലും കേസിന്റെ ഫയലുകള്‍ വിചാരണ നടപടികള്‍ക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനാല്‍ കുഞ്ഞികൃഷ്ണന്‍ ഈ കോടതിയിലാണ് പുനരന്വേഷണത്തിന് ഹരജി നല്‍കിയത്. കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി വേണുഗോപാലന്‍ മുഖാന്തിരം നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ എതിര്‍ കക്ഷിയാക്കിയാണ് കുഞ്ഞികൃഷ്ണന്‍ ഹരജി സമര്‍പ്പിച്ചത്.

ഹരജി സ്വീകരിച്ച ജില്ലാ കോടതി പുനരന്വേഷണം സംബന്ധിച്ച് പോലീസ് നിലപാട് എന്താണെന്ന് അറിഞ്ഞുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പുനരന്വേഷണത്തിന്റെ കാര്യത്തില്‍ പോലീസിന്റെ നിലപാട് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

നിലവിലുള്ള അന്വേഷണം തന്നെ മതിയെന്ന തരത്തില്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രോസിക്യൂട്ടര്‍ക്ക് നല്‍കുകയാണുണ്ടായത്. ഫെബ്രുവരി 19ന് രാത്രി 8.15 മണിയോടെയാണ് മടിക്കൈ കക്കാട്ടെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ ഭര്‍തൃഗൃഹത്തില്‍ കൊലചെയ്യപ്പെട്ടത്. വീട്ട് വേലക്കാരനായ ഒഡീസി സ്വദേശി മദന്‍ മാലിക്കിനെ ജിഷാവധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് പോലീസ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും മോഷണശ്രമത്തിനിടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൊലയാളിക്കെതിരെ മോഷണ ശ്രമത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്നും കൊലയ്ക്ക് പിന്നില്‍ മറ്റ് സംശയങ്ങളുണ്ടെന്നുമാണ് കുഞ്ഞികൃഷ്ണന്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് ജൂലൈ 30ന് ജില്ലാ കോടതി പരിഗണിക്കും.

Keywords:  Jisha Murder case, Police, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia