നബിദിന ഘോഷയാത്രയിലെ കേസുകള്‍ പിന്‍വലിക്കണം: മുസ്ലീം ലീഗ്
Oct 7, 2012, 22:20 IST
കാഞ്ഞങ്ങാട്: നബിദിന ഘോഷയാത്രയില്‍ ആകര്‍ഷണീയതയ്ക്കും വൈവിധ്യത്തിനും വേണ്ടി മാത്രം പട്ടാള വേഷത്തിന് സമാനമായ വസ്ത്രമണിഞ്ഞ് സഞ്ചരിച്ച യുവാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത നടപടി പിന്‍വലിക്കാന്‍ സര്‍കാര്‍ തയ്യാറാകണമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രവാചകരുടെ സമാധാന സന്ദേശം വിളംബരം ചെയ്തുകൊണ്ട് യാതൊരു രഹസ്യ സ്വഭാവവുമില്ലാതെ പാട്ടാപ്പകല്‍ നടത്തിയ ഘോഷയാത്രയിലെ പട്ടാളവേഷത്തെ പര്‍വതീകരിച്ച് രാജ്യദ്രോഹക്കുറ്റം വരെ ആരോപിച്ച് കേസെടുത്തത് ന്യൂനപക്ഷ പീഡനത്തില്‍ ആനന്ദം കൊള്ളുന്ന പോലീസിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ്.
സംസ്ഥാന ഭരണ കര്ത്താക്കളെയും പോലീസിന്റെ എല്ലാ തട്ടിലുള്ള വരെയും മത രാഷ്ട്രീയ നേതൃത്വങ്ങള്‍ വസ്തുതകള്‍ സത്യസന്ധമായി ബോധ്യപ്പെടുത്തിയിട്ടും ചാരക്കണ്ണുകളോടെ കേസുമായി മുന്നോട്ടുപോകുന്നത് ഭരണകൂട സുതാര്യതയ്ക്ക് കളങ്കം വരുത്തുന്നതാണെന്ന് യോഗം ഓര്മിപിച്ചു.
പോലീസിന്റെ ഭാവനകള്‍ക്കും, സങ്കല്‍പ്പത്തിനും മാത്രം വില കല്‍പ്പിച്ച് മേല്‍ വിഷയത്തില്‍ സര്‍കാര്‍ ആഴകൊഴമ്പന്‍ നയം തുടരുന്നത് ശരിയല്ല. ഇത് അസംതൃപ്തിക്കും യുവാക്കളെ തെറ്റായ വഴിയിലേക്കും നയിക്കാന്‍ തക്കം പാര്‍ത്തു നില്ക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്‍ബലത്തിനും കാരണമാകും. മദ്യനിരോധനമാവശ്യപ്പെട്ട് കോട്ടയത്ത് പട്ടാള വേഷത്തിന് സമാനമായ വേഷവും വാഹനവുമായി രംഗത്തിറങ്ങിയവര്‍ തങ്ങള്‍ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അത് മുഖവിലയ്ക്കെടുത്ത ഭരണകര്‍ത്താക്കള്‍ കാഞ്ഞങ്ങാട്ടെ വിഷയത്തില്‍ തപ്പിതയടുന്നത് ഭൂഷണമല്ല. യഥാര്‍ത്ഥ്യബോധത്തോടെ കേസുകളൊഴിവാക്കി നീതിയും സമാധാനവും ഉറപ്പുവരുത്താന്‍ സര്‍കാര്‍ ഇനിയും അമാന്തം കാട്ടരുതെന്ന് യോഗം മുന്നറിയിപ്പ് നല്കി.
സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥന നടത്തി. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രക്രിയയില്‍ സജീവമാകാന്‍ യോഗം കീഴ്ഘടകങ്ങളെ ആഹ്വാനം ചെയ്തു. പടന്നക്കാട് റെയില്‍വെ മേല്പാലത്തില് ടോള്‍ പരിക്കുന്നതില് നിന്നും പ്രദേശവാസികളെ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ഹജ്ജിന് പോകുന്ന മുനിസിപ്പല്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.ബി. കുട്ടി ഹാജിക്ക് യാത്രയയപ്പ് നല്കി. എം.പി. ജാഫര്‍, ഹസൈനാര്‍ കല്ലുരാവി, ടി.കെ. ഇബ്രാഹിം, കെ.ജാഫര്‍, സി.എം. ബക്കര്‍, ഹസീന താജുദ്ദീന്, പി. ഹക്കീം, മഹ്മൂദ് മുറിയനാവി, ഇബ്രാഹിം പാലാട്ട്, ബഷീര്‍ കൊവ്വല്‍പള്ളി, എം.കെ. ഇബ്രാഹിം, പി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Keywords: Muslim-league, case, Police, Kanhangad, Hosdurg,