city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ. ഹമീദ് ഹാജിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കി; ബഷീര്‍ വെള്ളിക്കോത്തിന് താക്കീത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21/06/2015) പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അജാനൂരിലെ എ. ഹമീദ് ഹാജിയെ പുറത്താക്കി. ഇതിനു പുറമെ ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗത്വം, മണ്ഡലം-പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗത്വം അടക്കമുള്ള മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും എ. ഹമീദ് ഹാജിയെ നീക്കി.

സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലീഗിന്റെ അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയിലെ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തതിന് ലീഗ് മണ്ഡലം  പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ ശക്തമായി താക്കീത് ചെയ്യാനും സംസ്ഥാന ലീഗ് നേതൃത്വം തീരുമാനിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെ പരസ്യമായി അപമാനിച്ചുവെന്ന പരാതിയുടെയും നിരന്തരമായി അച്ചടക്ക ലംഘനം നടത്തുന്നുവെന്ന മണ്ഡലം ലീഗ് കമ്മിറ്റിയുടെയും പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെയും  പരാതികളെയും  തുടര്‍ന്നാണ് ഹമീദ് ഹാജിക്കെതിരെ നടപടി സ്വീകരിച്ചത്.

ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ കഴിഞ്ഞയാഴ്ച പരാതിക്കാരെയും ആരോപണ വിധേയനായ ഹമീദ് ഹാജിയെയും മലപ്പുറം ജില്ലാ ലീഗ് ഹൗസിലേക്ക് വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വനിതാ ലീഗ് നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറുടെ പരാതിക്ക് പുറമെ സംസ്ഥാന  മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിക്കെതിരെ ഹമീദ് ഹാജി നടത്തിയ വാട്‌സ് അപ്പ് പ്രതികരണവും നടപടിക്ക് കാരണമായതായി അറിയുന്നു.

ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്ത്ര മേളയില്‍ പങ്കെടുത്ത് തൊട്ടടുത്ത വീട്ടിലെ ചായ സല്‍ക്കാരത്തിനിടെ തന്നെ പരസ്യമായി തീര്‍ത്തും മോശമായ ഭാഷയില്‍ എ ഹമീദ് ഹാജി അപമാനിച്ചതായി പി പി നസീമ ടീച്ചര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഹമീദ് ഹാജി ഉള്‍പ്പെട്ട പതിനേഴാം വാര്‍ഡിലെ ഗ്രാമസഭയില്‍  ലീഗിന്റെ നേതൃത്വത്തിലുള്ള  ഭരണ സമിതിക്കെതിരെ പരസ്യമായി പ്രസംഗിച്ചതുള്‍പ്പെടെ ഒട്ടേറെ പരാതികളാണ് ഹമീദ് ഹാജിക്കെതിരെ നസീമ ടീച്ചര്‍ ഉന്നയിച്ചത്. പരാതി അന്വേഷിച്ച പഞ്ചായത്ത് ലീഗ് കമ്മിറ്റി തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി സംഭവം  സംസ്ഥാന ലീഗ് നേതൃത്വത്തിന് കൈമാറുകയായിരുന്നു.

അജാനൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ നീക്കത്തിന് പിന്നിലും ഹമീദ് ഹാജിയുടെ കരങ്ങളുണ്ടെന്ന മണ്ഡലം -പഞ്ചായത്ത് ലീഗ് കമ്മിറ്റികളുടെ പരാതിയും സംസ്ഥാന നേതൃത്വം പരിഗണിക്കുകയാണുണ്ടായത്. നേരത്തെ വിവിധ കാരണത്താല്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയും ഹമീദ് ഹാജിയെ ശാസിച്ചിരുന്നു.
എ. ഹമീദ് ഹാജിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കി; ബഷീര്‍ വെള്ളിക്കോത്തിന് താക്കീത്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia