Salute | ഇൻസ്പെക്ടർ പി അജിത് കുമാർ മകൾക്ക് നൽകി ഒരു ബിഗ് സല്യൂട്! അപൂർവ കാഴ്ച
● എസ് പി സി കേഡറ്റുകളുടെ പരേഡിലാണ് ഈ അപൂർവ നിമിഷം അരങ്ങേറിയത്.
● എസ് പി സി കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് മടിക്കൈ സ്കൂളിലാണ് നടന്നത്
● 88 എസ് പി സി കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു.
● മുഖ്യാതിഥിയായി മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) മകൾക്ക് അച്ഛന് സല്യൂട് നൽകുവാനും സർകിൾ ഇൻസ്പെക്ടറായ അച്ഛന് മകൾക്ക് സല്യൂട് നൽകുവാനും ഒരേവേദിയിൽ അവസരം കിട്ടിയത് രണ്ടു പേർക്കും അഭിമാനകരമായ നേട്ടമായി. അപൂർവവും അഭിമാനകാരവുമായ നിമിഷത്തിനാണ് മടിക്കൈ സെകൻഡ് ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്കൂൾ അങ്കണം വേദിയായത്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാറും മകൾ ദേവനയുമാണ് മനം കവർന്നത്. മടിക്കൈ സ്കൂളിലെയും ബങ്കളം കക്കാട്ട് ഗവ. ഹയർ സെകൻഡറി സ്കൂളിലെയും സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട് പരേഡ് മടിക്കൈ സെകൻഡ് സ്കൂളിൽ വെച്ചായിരുന്നു നടത്തിയത്.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ ആണ് പരേഡിൽ കേഡറ്റുകളിൽ നിന്ന് സല്യൂട് സ്വീകരിച്ചത്. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കാഞ്ഞങ്ങാട് ഡിവൈ എസ് പി ബാബു പെരിങ്ങേത്തും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീതയും അടക്കമുള്ളവർ സംബന്ധിച്ച പരേഡ് പരിപാടിയിൽ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാറും എത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ മകൾ ദേവ്നജിത്ത് കക്കാട്ട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിനിയാണ്. പഠനത്തിൽ മിടുക്കിയായ ദേവ്നജിത്ത് എട്ടാം ക്ലാസ് മുതൽ എസ് പി സി കേഡറ്റ് ആണ്. 88 എസ് പി സി കേഡറ്റുകൾ പാസിംഗ് ഔട് പരേഡിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത കുട്ടികൾക്ക് മുഴുവൻ ഉപഹാരം സമ്മാനിച്ചിരുന്നു.
മുഖ്യാതിഥികൾ മുഴുവൻ വിദ്യാർഥികൾക്ക് മാറിമാറി ഉപഹാരം വിതരണം ചെയ്തു. ദേവ്നയുടെ ഊഴം എത്തിയപ്പോൾ ഉപഹാരം സമ്മാനിക്കാൻ എത്തിയത് ഇൻസ്‌പെക്ടർ പി അജിത് കുമാർ. പൊലീസ് വേഷത്തിൽ തൊട്ടുമുന്നിൽ അച്ഛനെ കണ്ടെങ്കിലും ഭാവമാറ്റം കൂടാതെ ചെറു പുഞ്ചിരിയോടെ ഒപ്പം ഗൗരവം ഒട്ടും കുറക്കാതെയും ദേവ്ന സല്യൂട് നൽകി. അച്ഛൻ തിരിച്ചും സല്യൂട് നൽകിയപ്പോൾ ഉള്ളിൽ അടക്കിപ്പിടിച്ച സന്തോഷത്തോടെ മകൾ ആ സല്യൂട് സ്വീകരിച്ചു.
പൊലീസ് സേനക്കും എസ് പി സി യൂണിറ്റിനും അതൊരു അഭിമാന മുഹൂർത്തമായി. എസ് പി സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ ടി തമ്പാൻ, നീലേശ്വരം എസ് ഐ സി കെ മുരളീധരൻ, പ്രധാന അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, ജൂനിയർ കേഡറ്റുകൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A rare and proud moment for Inspector P Ajith Kumar and his daughter Devanay in a joint salute during a passing-out parade at a school in Kanhangad.
#InspectorAjithKumar #FatherDaughterSalute #PassingOutParade #KanhangadNews #PoliceCadets #FamilyPride