city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.വി ആറിന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോട്; അക്രമങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ ഇന്നും ജനമനസില്‍

കാസര്‍കോട്: (www.kasargodvartha.com 09.11.2014) മുന്‍ മന്ത്രിയും സി.എം.പി സംസ്ഥാന സെക്രട്ടറിയുമായ എം.വി രാഘവന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോടായിരുന്നു. ഇരുളും വെളിച്ചവും പകരുന്നതായിരുന്നു എം.വി രാഘവന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.  ബദല്‍ രേഖയുമായി സി.പി.എം വിട്ട് പുറത്തുവന്ന എം.വി രാഘവന്റെ തുടര്‍ന്നുള്ള രാഷ്ട്രീയപോരാട്ടങ്ങളുടെ തട്ടകം കാസര്‍കോട് ജില്ലയായിരുന്നു.

1986 ല്‍ പാര്‍ട്ടി വിട്ട് കണ്ണൂരില്‍ ആദ്യപൊതുയോഗം നടത്തിയ എം.വി രാഘവന്റെ രണ്ടാമത്തെ പൊതുയോഗം കാഞ്ഞങ്ങാട്ടായിരുന്നു. 1986 ജൂലൈ 29 ന് വൈകിട്ടായിരുന്നു രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടന്നത്. വന്‍ ജന സഞ്ചയമാണ് എം.വി രാഘവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയത്. സി.പി.എമ്മിനെയും ഇടത് പ്രസ്ഥാനങ്ങളേയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അതേ സമയം തന്നെ കാഞ്ഞങ്ങാട്ട് ഇ. ബാലനന്ദന്റെ നേതൃത്വത്തില്‍ ഏരിയാ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം നടന്നു കൊണ്ടിരിക്കുകയായിരുന്നു. യോഗം കഴിഞ്ഞ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി എം.വി രാഘവന്റെ പ്രസംഗ വേദിയിലേക്ക് നീങ്ങിയതോടെ രക്തരൂക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. കല്ലും ചെരുപ്പും വടിയും കൊണ്ടായിരുന്നു പൊതുയോഗത്തിന് നേരെ അക്രമം നടന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് എല്ലാവരേയും പിരിച്ചുവിട്ടത്. എം.വി രാഘവന്‍ കാഞ്ഞങ്ങാട് നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പ്രസംഗ വേദി യുദ്ധക്കളത്തിന് സമാനമായിരുന്നു. ഇവിടെ ചിതറിക്കിടന്ന ചെരുപ്പുകളും കല്ലുകളും മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ തൂത്തുമാറ്റിയപ്പോള്‍ അത് ഒരാള്‍ ഉയരത്തില്‍ വരെ എത്തിയിരുന്നു.

കാസര്‍കോട് ജില്ല രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച എം.വി രാഘവന്‍ ജില്ലയുടെ വികസന കാര്യത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ജില്ലയ്ക്ക് വേണ്ടി അസംബ്ലിക്ക് അകത്തും പുറത്തും എം.വി രാഘവന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തുകയും അതിന് വേണ്ടി പോരാടുകയും ചെയ്തിരുന്നതായി സി.എം.പി നേതാക്കളായ വി. സുകുമാരനും വി.കെ രവീന്ദ്രനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എം.വി രാഘവന്‍ സി.പി.എം വിട്ടപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നും സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കൃഷ്ണന്‍, വി.കെ. രവീന്ദ്രന്‍, പി. കുഞ്ഞിക്കണ്ണന്‍ അജാനൂര്‍ മടിയന്‍ എന്നിവരാണ് ഒപ്പം പാര്‍ട്ടി വിട്ട് കൂടെപോന്നത്.

കൂടാതെ ഏരിയാ കമ്മിറ്റി അംഗം ആലീസ് കൃഷ്ണന്‍, വി. സുകുമാരന്‍, കെ.കെ കാരിക്കുട്ടി, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അമ്പൂഞ്ഞി, അജാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കാനത്തിങ്കല്‍ കൃഷ്ണന്‍, പള്ളിക്കര ഏരിയാ കമ്മിറ്റി അംഗം മമ്മിച്ച എന്ന മുഹമ്മദ് കുഞ്ഞി, എം നാരായണന്‍, കര്‍ത്തമ്പു തുടങ്ങിയവരും പാര്‍ട്ടി വിട്ട് രാഘവനോടൊപ്പം ചേര്‍ന്നു.

സി.എം.പിയുടെ എറണാകുളത്തെ ആദ്യ സംസ്ഥാന സമ്മേളനത്തിനും തൃശൂരിലെ കണ്‍വെന്‍ഷനും മുമ്പ് എം.വി രാഘവന്‍ പ്രചരണം തുടങ്ങിയത് കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നു. നാല് ദിവസം കൊണ്ട് 120 പൊതുയോഗങ്ങളിലാണ് എം.വി. ആര്‍ പ്രസംഗിച്ചത്. ഇത് റെക്കോര്‍ഡാണ്. ജില്ലയില്‍ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും എം.വി രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ്.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പരപ്പ അര്‍ബന്‍ സൊസൈറ്റികളും കാലിക്കടവ് റൂറല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പരപ്പ അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റിയും ഇപ്പോഴും സി.എം.പിയുടെ കൈയ്യിലുള്ള സഹകരണ സ്ഥാപനങ്ങളാണ്. പരിയാരം മെഡിക്കല്‍ കോളജ് ഉണ്ടാക്കിയത് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുന്നതായിരുന്നു. എം.വി രാഘവന്‍ കൊണ്ടുവന്ന ഈ സഹകരണ മെഡിക്കല്‍ കോളജിന്റെ ഭരണം സി.പി.എം പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. പാപ്പിനിശേരി ആയുര്‍വ്വേദ സൊസൈറ്റിയും വിഷചികിത്സാ കേന്ദ്രവും രാഘവന്റെ സംഭാവനകളില്‍ പെട്ട പ്രമുഖ സ്ഥാപനങ്ങളാണ്.

സി.എം.പിയില്‍ അടുത്ത് കാലത്തുണ്ടായ പിളര്‍പ്പ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് നേതാക്കല്‍ പറയുന്നത്. പരപ്പ സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മോഹനന്‍, ഗംഗാധരന്‍ എന്നിവരും കാഞ്ഞങ്ങാട്ടെ വിജയനും അജാനൂരിലെ ജ്യോതി ബാസു എന്നിവരുമാണ് സി.പി ജോണ്‍ വിഭാഗത്തില്‍ നിന്നും പുറത്ത് പോയത്. പരിയാരം മെഡിക്കല്‍ കോളജ് രൂപീകരിച്ചപ്പോല്‍ അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി എം.വി രാഘവന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും നിയമിച്ചത് സി.എം.പി നേതാവായ അന്തരിച്ച എം. നാരായണനെയായിരുന്നു. മുസ്ലിം ലീഗില്‍ നിന്നും സി.ടി അഹമ്മദലിയായിരുന്നു മറ്റൊരു ഡയറക്ടറായി നിയമിച്ചത്. ജോണ്‍വിഭാഗം ഉല്‍ക്കൊള്ളുന്ന സി.എം.പിക്ക് ഇപ്പോഴും ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പറും രണ്ട് പഞ്ചായത്ത് മെമ്പര്‍മാരുമുണ്ട്.

ഇടുപക്ഷപ്രസ്ഥാനങ്ങളെ ഉത്തരമലബാറിലും കാസര്‍കോട് ജില്ലയിലും ശക്തിപ്പെടുത്തുന്നതില്‍ ഏ.കെ.ജിക്കൊപ്പം പ്രവര്‍ത്തിച്ച നേതാവായിരുന്നു എം.വി.ആര്‍. പാര്‍ട്ടിയില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്കൊപ്പവും കാസര്‍കോട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എം.വി.ആര്‍ മുഴുകിയിരുന്നു. അത് കൊണ്ടു തന്നെ കാസര്‍കോട്ടുകാരുമായി എം.വി.ആറിന് വളരെയേറെ ആത്മബന്ധമുണ്ട്.
എം.വി ആറിന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോട്; അക്രമങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ ഇന്നും ജനമനസില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia