ഒളിച്ചോടിയ ഭര്‍തൃമതിയേയും കാമുകനേയും പോലീസ് പിടികൂടി
Apr 24, 2012, 15:00 IST
കാഞ്ഞങ്ങാട്: ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ വീട്ടുകാരുടെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസും ഭാര്യയുടെ പരാതിയില്‍ കാമുകനെ അമ്പലത്തറ പോലീസും പിടികൂടി. മടിക്കൈ കോട്ടക്കുന്നിലെ ഗംഗാധരന്റെ മകള്‍ ഇന്ദുലേഖയെയാണ് (28)ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. ഇന്ദുലേഖയുടെ കാമുകനും സ്വകാര്യ ബസ് ഡ്രൈവറുമായ തായന്നൂര്‍ ആനപ്പെട്ടിയിലെ അശോകനെ(41)അമ്പലത്തറ പോലീസും കസ്റഡിയിലെടുത്തു. ഒരു വയസ്സുള്ള മകള്‍ വിവേകയെയും കൊണ്ടാണ് ഇന്ദുലേഖ അശോകനോടൊപ്പം ഒളിച്ചോടിയത്.
ഏപ്രില്‍ 20ന് രാവിലെ സഹോദരന്‍ ജോലിക്കും മാതാവ് ക്ഷേത്രത്തിലേക്കും പോയ സമയത്ത് ഇന്ദുലേഖ താന്‍ നീലേശ്വരത്തെ ആശുപത്രിയിലേക്ക് കുട്ടിയെയും കൊണ്ട് പോകുന്നുവെന്ന് അയല്‍ വാസികളെ അറിയിച്ചാണ് സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരെ കഴിഞ്ഞിട്ടും ഇന്ദുലേഖയും കുട്ടിയും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് യുവതി കുട്ടിയെയും കൂട്ടി അശോകനോടൊപ്പം പോയെന്ന് വ്യക്തമായത്. വൈകുന്നേരം ഇന്ദുലേഖ സഹോദരന്‍ എം. ഇനീഷ് കുമാറിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് താന്‍ ബസ് ഡ്രൈവര്‍ അശോകനോടൊപ്പം ഉള്ളതായി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ദുലേഖയെയും അശോകനെയും കണ്ടെത്താന്‍ വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇന്ദുലേഖയെയും കുട്ടിയെയും കാണാതായ സംഭവത്തില്‍ പിന്നീട് ഇനീഷ് കുമാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇന്ദുലേഖയും അശോകനും നീലേശ്വരം ചായ്യോത്തെ വാടക വീട്ടിലുണ്ടെന്ന് സൂചന ലഭിക്കുകയും ഇന്ദുലേഖയെയും കുട്ടിയെയും ബന്ധുക്കളുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റഡിയിലെടുക്കുകയുമായിരുന്നു.
അതേസമയം ഭാര്യ ശ്രീജയുടെ പരാതി പ്രകാരം കേസെടുത്ത അശോകനെ അമ്പലത്തറ എസ്ഐ ടി സുഭാഷ് ചൊവ്വാഴ്ച രാവിലെ അറസ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് അശോകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശ്രീജ ഹൊസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് അശോകനെതിരെ പോലീസ് കേസെടുത്തത്. ഇന്ദുലേഖയെ ആലക്കോട്ടെ ബൈജുവാണ് വിവാഹം ചെയ്തിരുന്നത്. അശോകനുമായുള്ള പ്രണയം അറിഞ്ഞതോടെ ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാവുകയായിരുന്നു. 2012 ജനുവരിയില്‍ ഇന്ദുലേഖയും ബൈജുവും വിവാഹ മോചനം നേടി. ബൈജുവുമായുള്ള ബന്ധത്തില്‍ ഇന്ദുലേഖയ്ക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. ആണ്‍കുട്ടി ബൈജുവിനൊപ്പമാണ് താമസം.
Keywords: House wife, Lover, Arrest, Police, Kanhangad, Kasaragod