ഹോമിയോ വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠികളുടെ പീഢനം മൂലമെന്ന് പിതാവ്
Jul 9, 2012, 18:04 IST
Raneela |
കോളേജിന്റെ അന്നപൂര്‍ണ്ണ മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഹോസ്റ്റലിലെ മുറിയില്‍ കൂടെ താമസിക്കുന്ന രണ്ട് സഹപാഠികളുടെ പീഢനമാണ് മകളുടെ മരണത്തിനിടയാക്കിയതെന്ന് ആ അച്ഛന്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. റെനിലയും മുള്ളേരിയ സ്വദേശിനി ശശിതയും തൃശൂരിലെ കൃപയും ഒന്നിച്ചായിരുന്നു താമസം. ശശിതയും കൃപയും ഹോസ്റ്റല്‍ മുറിയില്‍ എന്നും റെനിലയെ ഒറ്റപ്പെടുത്തുമായിരുന്നുവെന്ന് മകള്‍ തന്നോട് പലപ്പോഴും പറഞ്ഞതായി ജയരാജന്‍ ഓര്‍ക്കുന്നു. രാത്രി വായിക്കാന്‍ നേരത്ത് ലൈറ്റ് അണച്ചും ഉച്ചത്തില്‍ സംസാരിച്ചും റെനിലയെ ഈ സഹപാഠികള്‍ നിരന്തരം അലോസരപ്പെടുത്താറുണ്ടെന്ന് മകള്‍ പറയാറുണ്ട്.
Jayarajan |
മകളുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അത് എന്തായാലും പുറത്തുവരണം. മരണ വിവരം അറിഞ്ഞ് ബന്ധുക്കളോടൊപ്പം സേലത്തെത്തിയ ജയരാജന്‍ സഹപാഠികളെ തിരക്കിയെങ്കിലും അവരെ കാണാന്‍ കഴിഞ്ഞില്ല. റെനിലയുടെ മരണ വിവരം പുറത്തുവന്നതോടെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ ഒരാഴ്ചത്തെ നിര്‍ബന്ധിത അവധി നല്‍കി നാട്ടിലേക്ക് കോളേജ് അധികൃതര്‍ അയക്കുകയായിരുന്നുവെന്ന് ജയരാജന്‍ പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. ഹോസ്റ്റല്‍ മുറിയിലെ സഹപാഠികളെ ചോദ്യം ചെയ്താല്‍ മകളുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തിരിച്ചറിയാന്‍ കഴിയുമെന്നാണ് ജയരാജന്‍ ഉറച്ച വിശ്വാസം.
ജൂലായ് 4 ന് പുലര്‍ച്ചെയാണ് ഹോസ്റ്റല്‍ മുറിയില്‍ റെനിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റെനിലക്ക് കുളിമുറിയില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നാണ് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ ആദ്യം അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ ററെനിലയുടെ മാതാപിതാക്കളായ ജയരാജനും റോഷിണിയും സഹോദരി ഇന്ദുജയും ജയരാജന്റെ സഹോദരന്‍ ജയപ്രകാശും സഹോദരി ഭര്‍ത്താവ് പ്രദീപും സേലത്ത് എത്തിയിരുന്നു. ഇവര്‍ എത്തിയതിന് ശേഷമാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജഡം പോലീസ് സേലം ജില്ലാ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
2009 ല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ റെനില രണ്ടുതവണ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നുവെങ്കിലും കടമ്പ കടക്കാനായിരുന്നില്ല. ഇതേതുടര്‍ന്നാണ് ജയരാജന്‍ മകളെ ലക്ഷങ്ങള്‍ ചിലവിട്ട് സേലത്തെ ശ്രീ വിനായക ഹോമിയോ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തത്.
മകളുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ ഞായറാഴ്ച കെപിസിസി പ്രസിഡന്റ് രമേശ്‌ചെന്നിത്തലക്ക് പരാതി നല്‍കി. സഹപാഠികള്‍ക്കെതിരെ പോലീസിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജയരാജനും കുടുംബവും.
Keywords: Homeo Student, Suicide, Kanhangad, Kasaragod