കോടതി ജീവനക്കാര്‍ക്ക് ജോലിഭാരവും പീഡനവും; പ്രതിഷേധം ശക്തമാകുന്നു
Dec 9, 2011, 15:30 IST
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ കോടതി ജീവനക്കാര്‍ അമിത ജോലി ഭാരവും മാനസിക പീഡനവും കാരണം വീര്‍പ്പുമുട്ടുന്നു. നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും ക്രിമിനല്‍ കോടതി ജീവനക്കാരെ പീഡിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
നിലവിലുള്ള ജോലികള്‍ പോലും ചെയ്തുതീര്‍ക്കാന്‍ കോടതികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കാസര്‍കോട് ജില്ലയില്‍ അടിക്കടി വര്‍ഗ്ഗീയ- സാമുദായിക- രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോടതികളില്‍ കേസുകള്‍ കുമിഞ്ഞുകൂടുകയാണ്. പരിമിതമായ ജീവനക്കാര്‍ക്ക് കെട്ടുകണക്കിന് കേസുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല. നിശ്ചിത ജീവനക്കാരെ ഉപയോഗിച്ച് ഈ ജോലികള്‍ ചെയ്തുതീര്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
എന്നാല്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരെ നിയമിക്കാനോ മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനോ അധികൃതര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അമിതമായി ജോലിചെയ്ത് കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മനുഷ്യത്വപരമായ പരിഗണനപോലും ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ നല്‍കുന്നില്ലെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ചിലര്‍ ശിപായിമാരെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എന്‍.ജി.ഒ യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Keywords: Court, Employees, NGO-association, Kanhangad, Kasaragod