പണയം വെക്കാന്‍ വാങ്ങിയ സ്വര്‍ണ്ണം തിരിച്ചു നല്‍കാത്തതിന് യുവതിക്കെതിരെ കേസ്
Dec 8, 2011, 16:45 IST
ഹൊസ്ദുര്‍ഗ്: അയല്‍വാസിയായ സ്ത്രീയില്‍ നിന്നും പണയം വെക്കാന്‍ വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ലെന്ന പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്കി.
നീലേശ്വരം കൊട്രച്ചാലിലെ കെ.സി.രാധയുടെ (33) പരാതി പ്രകാരം കണിച്ചിറ കാവിലെ ഊര്‍മ്മിള ഉണ്ണിക്കെതിരെ (29) കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
പിഗ്മി കലക്ഷന്‍ ഏജന്റായ ഊര്‍മ്മിള 2011 സെപ്റ്റംബര്‍ 29നാണ് രാധയോട് അത്യാവശ്യ കാര്യത്തിന് പണയം വെക്കാനെന്നു പറഞ്ഞ് നാലേകാല്‍ പവന് സ്വര്‍ണ്ണം വാങ്ങിയത്. ഒരു മാസത്തിനകം സ്വര്‍ണ്ണം തിരിച്ചു നല്‍കാമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കാമെന്നും കരാറുണ്ടാക്കിയാണ് ഊര്‍മ്മിള രാധയില്‍ നിന്നും സ്വര്‍ണ്ണം പണയം വെക്കാന്‍ വാങ്ങിയത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചു നല്കാന് ഊര്‍മ്മിള തയ്യാറാകാത്തതിനെതുടര്‍ന്ന് രാധ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട) കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതി ഊര്‍മ്മിളയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്കുകയാണുണ്ടായത്.
Keywords: case, Women, Cheating, Kanhangad, Kasaragod