city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈയില്‍ അഞ്ച് വര്‍ഷത്തിനിടെ അരങ്ങേറിയത് അഞ്ച് കൊലപാതകള്‍

മടിക്കൈയില്‍ അഞ്ച് വര്‍ഷത്തിനിടെ അരങ്ങേറിയത് അഞ്ച് കൊലപാതകള്‍
കാഞ്ഞങ്ങാട്: മടിക്കൈയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയ വ്യാജ മദ്യ മാഫിയാ സംഘങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു. വ്യാപകമായ വ്യാജ മദ്യ വില്‍പ്പനമൂലം മദ്യത്തിന് അടിമകളായവരുടെ എണ്ണം വര്‍ദ്ധിച്ചതോടൊപ്പം അക്രമങ്ങളും കൊലപാതകങ്ങളും പെരുകി.
മോഷണകുറ്റം ചുമത്തി മടിക്കൈ അടുക്കത്ത് പറമ്പിലെ വേണുവിനെ രണ്ടംഗ സംഘം വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം വിരല്‍ ചൂണ്ടുന്നത് വ്യാജമദ്യ മാഫിയയിലേക്കാണ്. അമിതമായ മദ്യലഹരിയിലാണ് വേണുവിനെ രണ്ടംഗ സംഘം തലക്കടിച്ച് കൊലപ്പെടുത്തിയത്. മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പറമ്പ്, ചതുരകിണര്‍, ഭൂതാനം, പുതുക്കൈ, ചേടിറോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാജ മദ്യം മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ച് കൊലപാതകങ്ങളാണ് നടന്നത്. നിരവധി വധശ്രമങ്ങളും അക്രമങ്ങളും ഈ കാലയളവില്‍ അരങ്ങേറി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേടിറോഡില്‍ പെട്ടിക്കട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന കുഞ്ഞിരാമന്റെ കട പട്ടാപ്പകല്‍ തീവെച്ച് നശിപ്പിച്ച സംഭവത്തിന് കാരണം വ്യാജമദ്യകേന്ദ്രത്തില്‍ നിന്നും മദ്യപിച്ച് ലക്ക് കെട്ട സംഘത്തിന്റെ പ്രവര്‍ത്തനമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ചേടിറോഡ് സ്വദേശി കെ ടി നാരായണന്‍ (48) പ്രദേശത്തെ കള്ളുഷാപ്പിന് മുന്നില്‍ കല്ല്‌കൊണ്ട് തലക്കടിയേറ്റ് ദാരുണമായി മരണപ്പെട്ട സംഭവമുണ്ടായി. ഇതിന് തൊട്ടടുത്ത വര്‍ഷം കൊങ്കണിയന്‍ വളപ്പില്‍ പ്രകാശന്‍ (38) ചതുരകിണറിന് സമീപത്തുണ്ടായ അക്രമത്തില്‍ തലക്കടിയേറ്റ് മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഒരു വിഷുദിനത്തിലാണ് മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കുഞ്ഞപ്പനായര്‍ (52) തലയ്ക്കടിയേറ്റ് മരിച്ചത്. കടിഞ്ഞിമൂലയിലെ കോരനും (60) മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടയില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു.
ഏറ്റവുമൊടുവിലാണ് ഗുളികന്‍ ഭണ്ഡാരത്തില്‍ കവര്‍ച്ച നടത്തിയെന്ന കുറ്റംചുമത്തി അടുക്കത്ത് പറമ്പിലെ കാഞ്ഞിരവളപ്പില്‍ വേണുവിനെ (42) തലക്കടിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതെ നാട്ടുകാരനായ സ്വകാര്യ ബസുടമയെ കുടുംബസമേതമുള്ള യാത്രക്കിടയില്‍ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മടിക്കൈ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം ഷാജിയെ മറ്റൊരുസംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
മദ്യലഹരിയിലുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കള്‍ രണ്ട് വര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മദ്യപാനം അടക്കമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കുടുംബങ്ങളുമായി അകന്നു കഴിഞ്ഞവരായതിനാല്‍ കേസ് നടത്തിപ്പിന് ആരും താല്‍പ്പര്യപ്പെടുന്നില്ല.
കൊലപാതകകേസുകളില്‍ ഇതുവരെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതും കൊലപാതകങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.
അടുക്കത്ത്പറമ്പ് ബസ് സ്റ്റോപ്പ്, പഞ്ചായത്ത് സാംസ്‌കാരികകേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ ഏറെനേരം ചെലവഴിക്കുന്നുണ്ട്. സന്ധ്യമയങ്ങിയാല്‍ ഈ ഭാഗങ്ങള്‍ സാമൂഹ്യവിരുദ്ധ താവളങ്ങളാണ്. ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിപ്രദേശങ്ങളായതിനാല്‍ കേസെടുക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം അക്രമികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുന്നു.
നീലേശ്വരത്തെയും പുതിയകോട്ടയിലെയും ബിവറേജ് മദ്യശാലകളില്‍ നിന്നും വിദേശ മദ്യംകൊണ്ടുവന്ന് മടിക്കൈയിലും പരിസരങ്ങളിലും വില്‍പ്പന നടത്തുന്നവര്‍ മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ഇതിന് പുറമെ നിരവധി വ്യാജമദ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. സ്ത്രീകളും യുവാക്കളും വ്യാജ മദ്യ വില്‍പ്പനയില്‍ ഏര്‍പ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില സ്ത്രീകളും വ്യാജ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

Keywords:   Kanhangad, Murder, Kasaragod, Madikai 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia