കാഞ്ഞങ്ങാട്ട് മരഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ചു
Mar 13, 2012, 13:30 IST
കാഞ്ഞങ്ങാട് കലാപത്തിന്റെ തുടക്കത്തില്‍ നിരന്തരം അക്രമിക്കപ്പെട്ട എം എം മുഹമ്മദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീവെപ്പുണ്ടായത്. കാഞ്ഞങ്ങാട് കലാപത്തില്‍ തകര്‍ക്കപ്പെട്ട വീടിന് തൊട്ടുരുമ്മി നില്ക്കുന്ന കെട്ടിടത്തിന്റെ മുന്‍വശത്ത് നിരത്തിവെച്ചിരുന്ന ഉരുപ്പടികള്ക്കാണ് അക്രമി സംഘം തീയിട്ടത്. കെട്ടിടത്തിന്റെ എതിര് വശത്ത് പഴയകാല കോണ്‍ഗ്രസ് അനുഭാവിയായിരുന്ന കല്യോടന്‍ ചന്തുമണിയാണിയുടെ വീട്ടുമുറ്റത്തിനടുത്ത് ഉണക്കാനിട്ടിരുന്ന വൈക്കോല്‍ കെട്ടുകള്‍ എടുത്ത് കൊണ്ടുപോയി മര ഉരുപ്പടികളില്‍ കൊണ്ടു വച്ച് പെട്രോള്‍ ഒഴിച്ച് തീവെക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. പെട്രോള്‍ കുപ്പികളും ഭാഗീകമായി കത്തിയ വൈക്കോല്‍ കെട്ടുകളും സ്ഥലത്ത് വീണ് കിടക്കുന്നുണ്ട്. എം എം മുഹമ്മദിന്റെ വീടിന് മുന്നില്‍ ചായം പൂശി മിനുക്കിയ മതില് കരിയും ചെളിയും ഒഴിച്ച് വികൃതമാക്കിയ നിലയിലാണ്. ഒരാഴ്ച മുമ്പ് ഈ മതില് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. അതിന് ശേഷം പെയിന്റടിച്ച് വൃത്തിയാക്കിയ മതിലാണ് വീണ്ടും വികൃതമാക്കപ്പെട്ടത്.
വെളുപ്പിന് മൂന്ന് മണിയോടെ തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട കല്യോടന്‍ ചന്തുമണിയാണിയുടെ വീട്ടിലുള്ളവര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ ഉടന്‍ അക്രമി സംഘം ഈ വീടിന് നേരെ തുടരെ തുടരെ കല്ലെറിഞ്ഞു. പേടിച്ചുവിറച്ച വീട്ടുകാര്‍ വാതിലടച്ച് പിന്മാറുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്ത് കുതിച്ചെത്തി തീയണച്ചു. ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, എസ് ഐ വി ഉണ്ണികൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
കാഞ്ഞങ്ങാട് കലാപം മറയാക്കി മഡിയനിലും പരിസരങ്ങളിലും അക്രമി സംഘം വിളയാടിയപ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും അക്രമത്തിനിരയായതും മഡിയനിലെ എം എം മുഹമ്മദും അടുത്ത ബന്ധുക്കളായ മറ്റ് രണ്ട് കുടുംബക്കാരുമായിരുന്നു. തന്റെ വീടിനും കുടുംബക്കാര്‍ക്കും നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പോലീസിന് നല്കിയ പരാതിയില്‍ മുഹമ്മദ് ഉറച്ച് നിന്നത് പലരെയും പ്രകോപിക്കുകയും അവരില്‍ അസഹിഷ്ണുത സൃഷ്ടിക്കുകയും ചെയ്തതാണ്. പരാതിയിലും കേസിലും ഉറച്ച് നിന്നതിനെ തുടര്‍ന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് യാതൊരു പ്രകോപനാവസ്ഥയും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ മുഹമ്മദിന്റെ വീട്ടുമതില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. തീവെപ്പിന് പിന്നില്‍ കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട് നില്ക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്ന് പോലീസ് ന്യായമായി സംശയിക്കുന്നു.
അതിനിടെ മുഹമ്മദിന്റെ കെട്ടിടത്തില്‍ മുമ്പ് നേരത്തെ സ്ഥലത്തെ സി പി എം പ്രാദേശിക നേതാവ് കച്ചവടം നടത്തിയിരുന്നു. കാഞ്ഞങ്ങാട് കലാപത്തിന് ശേഷം നേതാവ് മുറി ഒഴിഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പടന്നക്കാട് പാണത്തൂര്‍ സ്വദേശി റൗഊഫ് മര ഉരുപ്പടികള്‍ വില്‍ക്കുന്ന സ്ഥാപനം തുടങ്ങാന്‍ ഈ കെട്ടിടത്തിലെ മുറികള്‍ വാടകക്കെടുത്തത്. മഡിയന്‍ ജംഗ്ഷനില്‍ നേരത്തെ കച്ചവടം നടത്തി വരികയായിരുന്ന റഊഫ് കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതല്‍ മര ഉരുപ്പടികള്‍ കൊണ്ടുവച്ചത്.
മരക്കമ്പനിക്ക് തീവെച്ച സംഭവത്തെ തുടര്ന്ന്അജാനൂര് പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് യു വി ഹസൈനാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത്, കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, സി എം പി നേതാവ് വി കമ്മാരന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം വി അരവിന്ദാക്ഷന് നായര്‍, പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് കുഞ്ഞി മാഹിന്‍,സിപിഎം നേതാവ് എ വി കണ്ണന്, സിപിഐ മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന് ചിത്താരി, ട്രഷറര്‍ എം എം അബ്ദുള്‍ റഹ്മാന് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Keywords: kasaragod, Kanhangad, fire, Shop,