വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി
May 30, 2012, 14:49 IST
കാഞ്ഞങ്ങാട്: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ആള്‍മാറാട്ടകേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ പൂര്‍ത്തിയായി.
ആള്‍മാറാട്ടത്തിലൂടെയും വ്യാജ രേഖ നിര്‍മ്മാണത്തിലൂടെയും സ്വത്ത് തട്ടിയെടുത്ത കേസിന്റെ വിചാരണയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ചൊവ്വാഴ്ച പൂര്‍ത്തിയായത്. മാലോം മുണ്ട കടവത്തെ വര്‍ഗീസിന്റെ മകന്‍ പി വി തോമസിന്റെ പരാതിപ്രകാരം മാലോം ദേവഗിരിയിലെ ശ്രീനിവാസന്‍, ഓമന, പാര്‍വ്വതി (35), മാലോം മുണ്ടയിലെ കര്‍മ്മചന്ദ്രന്‍നായര്‍ (44) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.
2008 മെയ് 13 ന് മുമ്പ് മാലോം കടവത്ത് മുണ്ടയില്‍ പ്രതികള്‍ ഗുഡാലോചന നടത്തി തോമസിന്റെ ഉടമസ്ഥതയിലുള്ള ആര്‍എസ് 193 - 1 ല്‍പെട്ട ഭൂമി മരണപ്പെട്ട ചംക്രാന്തിയെന്നയാള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പതിച്ച് കിട്ടിയ ഒരേക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ആള്‍മാറാട്ടവും വ്യാജരേഖ നിര്‍മ്മാണവും നടത്തിയെന്നാണ് കേസ്. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നീട് പോലീസ് അറസ്റ് ചെയ്യുകയും പ്രതികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
Keywords: Fake document, case, Kanhangad, Kasaragod