മാതാവിനോട് പിണങ്ങി നാടുവിട്ട് അനാഥാലയത്തില്‍ അഭയംതേടിയ 16 കാരിയെ കോടതിയില്‍ ഹാജരാക്കി
May 28, 2012, 15:54 IST
ഹൊസ്ദുര്‍ഗ്: മാതാവിനോട് പിണങ്ങി നാടുവിടുകയും കൊല്ലത്തെ അനാഥാലയത്തില്‍ അഭയംതേടുകയും ചെയ്ത 16 കാരിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. പരപ്പ കനകപള്ളിയിലെ കുണ്ടംകരയില്‍ കെഎസ് ജോണിന്റെ മകള്‍ നീതുവിനെയാണ് (16) കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
മെയ് 21 ന് രാവിലെയാണ് നീതു വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് പെണ്‍കുട്ടി തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുടിയാന്‍മാല മേരിക്യൂന്‍ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ നീതു ജോണിന്റെ ഭാര്യയുടെ മൂത്ത സഹോദരനായ കുടിയാന്മലയിലെ പൌലോസിന്റെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. സ്കൂള്‍ അവധിയായതിനാല്‍ ഒന്നര മാസക്കാലമായി കനകപള്ളിയിലെ വീട്ടിലാണ് നീതു താമസിച്ചുവരുന്നത്.
21 ന് രാവിലെ ജോണ്‍ കാഞ്ഞങ്ങാട്ട് ജോലിക്കും ഭാര്യ രണ്ടാമത്തെ കുട്ടിയുടെ അഡ്മിഷന്‍ കാര്യത്തിനായി വെള്ളരിക്കുണ്ട് സ്കൂളിലും പോയിരുന്നു. ജോണിന്റെ ഭാര്യ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് നീതുവിനെ കാണാനില്ലെന്ന് വ്യക്തമായത്. രണ്ട് ജോഡി വസ്ത്രങ്ങളും ബാഗുമെടുത്ത് നീതു നാടുവിടുകയായിരുന്നു. കനകപള്ളിയില്‍നിന്നും ബസില്‍ കാഞ്ഞങ്ങാട്ടെത്തിയ നീതു റെയില്‍വേ സ്റേഷനില്‍ നിന്നും തീവണ്ടികയറി കോട്ടയം റെയില്‍വേ സ്റേഷനില്‍ ഇറങ്ങുകയായിരുന്നു. അവിടെനിന്നും പരിചയപ്പെട്ട സ്ത്രീക്കൊപ്പമാണ് നീതു കൊല്ലം നാഗമ്പടത്തെ അനാഥാലയത്തിലെത്തിയത്.
അവിടെനിന്നാണ് നീതുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ഫോണ്‍ മുഖാന്തരം ലഭിച്ചത്. വീട്ടുകാരുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കൊല്ലത്ത് നിന്നും തിരിച്ചെത്തിയ നീതുവിനെ പോലീസ് സ്റേഷനില്‍ ഹാജരാക്കി. പോലീസ് തുടര്‍ന്ന് നീതുവിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്ളസ്ടുവിന് ഹോം സയന്‍സ് പ്രധാന വിഷയമായി പഠിക്കാനാണ് തനിക്ക് താല്‍പര്യമെന്നും എന്നാല്‍ മാതാവ് ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് താന്‍ നാടുവിടുകയായിരുന്നുവെന്നും നീതു കോടതിയില്‍ മൊഴി നല്‍കി. ഇനി വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് നീതുവിനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
Keywords: Eloping girl, Submit, Court, Kanhangad