city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം; രണ്ടാംഘട്ട കര്‍മ്മ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/04/2015) മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട കര്‍മ്മപരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ആരോഗ്യവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കര്‍മ്മപരിപാടി നടപ്പിലാക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജ്ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുക് സാന്ദ്രതാ സര്‍വ്വേ, കവുങ്ങ്, റബ്ബര്‍ത്തോട്ടങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തുടക്കം കുറിച്ചു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യശുചിത്വ സമിതികളുടെ അടിയന്തിരയോഗം വിളിച്ച് ചേര്‍ത്ത് വാര്‍ഡുതല കര്‍മ്മപരിപാടിക്ക് അന്തിമ രൂപം നല്‍കും. മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ കണ്ടെത്തിയ പ്രദേശങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹകരണത്തോടെ സ്‌പ്രേയിംഗ്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധന എന്നിവ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ആരോഗ്യ വൊളണ്ടിയര്‍മാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയില്‍ പ്രത്യേക കര്‍മ്മപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘം, സൗഹൃദ ശുചിത്വ സന്ദര്‍ശനം നടത്തും. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മേലധികാരികള്‍ക്കും ശുചിത്വബോധവല്‍ക്കരണം നല്‍കും. ക്ലീന്‍ കാഞ്ഞങ്ങാട് പദ്ധതിയുടെ ഭാഗമായി മല്‍സ്യമാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് പരിസരം, പുതിയകോട്ട, റെയില്‍വേസ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ വിവിധ തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തും. കൂടാതെ സ്‌കൂള്‍തല ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, ഗപ്പി മല്‍സ്യനിക്ഷേപം, സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും സഹകരണത്തോടെ പകര്‍ച്ചവ്യാധി വിവരശേഖരണം, ഏറ്റവും നല്ല രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പുരസ്‌കാര വിതരണം എന്നിവയും സംഘടിപ്പിക്കും.

മഴക്കാലരോഗ പ്രതിരോധ പരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി കര്‍മ്മപദ്ധതി വിശദീകരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, ആര്‍.ഡി.ഒ എന്‍.ദേവീദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.യൂസഫ്ഹാജി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കൊതുകുവണ്ടി ബോധവല്‍ക്കരണ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആര്‍ഡിഒ എന്‍.ദേവിദാസ് വിതരണം ചെയ്തു.
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം; രണ്ടാംഘട്ട കര്‍മ്മ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia