city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിവെള്ളം തടയാതിരിക്കാന്‍ 'പ്രവാചക സൂക്ത'വുമായി ഡിജിപി

കുടിവെള്ളം തടയാതിരിക്കാന്‍ 'പ്രവാചക സൂക്ത'വുമായി ഡിജിപി
കാഞ്ഞങ്ങാട്: 'സര്‍, കുടിക്കാന്‍ പോലും ഒരിറ്റ് വെള്ളം കിട്ടാതെ കാഞ്ഞങ്ങാട് സബ്ജയിലിലെ ജീവനക്കാരും തടവുകാരും വല്ലാതെ വലഞ്ഞപ്പോള്‍ തൊട്ടടുത്ത ജില്ലാശുപത്രിയിലെ അധികൃതര്‍ വെള്ളം തരാതെ ഞങ്ങളെ വേദനിപ്പിച്ചു. ഇപ്പോള്‍ നമ്മളുണ്ടാക്കിയ കിണറില്‍ നിന്ന് അവര്‍ വെള്ളം ആവശ്യപ്പെടുന്നു; അത് അനുവദിക്കരുത് സാര്‍'. ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെ തോയമ്മലിലെ സബ്ജയിലില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയ ജയില്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബിനോട്, സബ്ജയില്‍ സൂപ്രണ്ട് കെ. കുഞ്ഞിക്കണ്ണന്‍ നടത്തിയതാണ് ഈ അഭ്യര്‍ത്ഥന.

സബ്ജയിലിന് വേണ്ടി അഞ്ഞൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി വയലില്‍ പൂര്‍ത്തിയാക്കിയ ജലസംഭരണിയെ സാക്ഷിയാക്കി ജയില്‍ സൂപ്രണ്ട് ഇങ്ങനെ പറഞ്ഞപ്പോള്‍, രാത്രിയുടെ വല്ലാത്ത നിശബ്ദത ഭേദിച്ച് ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഒരു കഥ പറഞ്ഞു. ''ബനുഇസ്രായിലിന്റെ കാലത്ത് നടന്ന ഒരു കഥ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി വിവരിച്ചിട്ടുണ്ട്. ഒരു വേശ്യയായ സ്ത്രീ വേശ്യാവൃത്തിക്ക് വേണ്ടി ഒരിടം തേടി നടന്നുനീങ്ങുമ്പോള്‍ സമീപത്ത് ഉപയോഗശൂന്യമായ ഒരു കിണറും തൊട്ടരികില്‍ ദാഹിച്ച് വലഞ്ഞ് അവശനായി കിടക്കുന്ന ഒരു പട്ടിയെയും കണ്ടു. വെറും നിലത്തെ ഈര്‍പ്പം നാവിട്ടുനക്കുന്ന പട്ടിയെ കണ്ടപ്പോള്‍ പട്ടി ദാഹിച്ച് വലയുകയാണെന്ന് സ്ത്രീക്ക് ബോധ്യപ്പെട്ടു. അവര്‍ ഉടുത്തിരുന്ന വസ്ത്രം കീറി കയര്‍ രൂപത്തിലാക്കി തന്റെ തുകല്‍ ഷൂവില്‍ കെട്ടി കിണറില്‍ താഴ്ത്തി അതില്‍ നിറയെ വെള്ളം കോരി പട്ടിയുടെ ദാഹമകറ്റി. ഒടുവില്‍ നനഞ്ഞ ഷൂ ഉപയോഗിക്കാന്‍ കഴിയാതെ അവര്‍ വഴിയില്‍ ഉപേക്ഷിച്ചു. വേശ്യയായിരുന്നുവെങ്കിലും ഈ സ്ത്രീയെ ദൈവം സ്വര്‍ഗത്തിന്റെ അവകാശിയാക്കി''.

പ്രവാചകന്‍ പറഞ്ഞ മറ്റൊരു കഥയും ഡി.ജി.പി ഓര്‍മിപ്പിച്ചു. ''ആ സ്ത്രീ വളരെ നല്ലവളും സത്യസന്ധയുമായിരുന്നു. പക്ഷെ അവര്‍ അവരുടെ വളര്‍ത്തുപൂച്ചയെ കെട്ടിയിട്ടു. കുടിവെള്ളം കിട്ടാതെ പൂച്ച ചത്തു. നല്ലവളായിരുന്നുവെങ്കിലും അവര്‍ക്ക് ദൈവം വിധിച്ചത് നരകമായിരുന്നു.''
ജയില്‍ ഡി.ഐ.ജി ശിവദാസനും പത്തോളം ജയില്‍ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ദൈവ വചനത്തിന്റെ കഥകള്‍ നിരത്തി അദ്ദേഹം തുടര്‍ന്നു. കുടിവെള്ളം ആര്‍ക്കും നിഷേധിക്കരുത്. അത് കടുത്ത പാപമാണ്. ആശുപത്രിക്കാര്‍ നമ്മോട് എന്ത് ചെയ്താലും അവര്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ അവര്‍ക്ക് കുടിവെള്ളം നല്‍കണം. ഇത് തന്റെ കര്‍ശന നിര്‍ദേശമാണെന്ന് കൂടി ഡി.ജി.പി വ്യക്തമാക്കി.

Keywords: DGP, Alexander Jacob, Kanhangad, Subjail, Visit, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia