city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടര്‍ ദമ്പതികള്‍ക്കും മകനും നാട് കണ്ണീരോടെ വിടനല്‍കി

മരണം ഒരുമിച്ച് ജോലിചെയ്യാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് 

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/04/2015) ഡോക്ടര്‍ ദമ്പതികള്‍ക്കും മകനും നാട് കണ്ണീരോടെ വിടനല്‍കി. പത്തനംതിട്ടയിലും  കാഞ്ഞങ്ങാട്ടുമായി ജോലി ചെയ്യുന്നതിനിടെ ഒരുമിച്ചുള്ള ജീവിതം വല്ലപ്പോഴും മാത്രമായിരിക്കുമ്പോഴാണ് അതിനുള്ള അവസരം തേടിയെത്തിയപ്പോള്‍ മരണം ദുരന്തമായിവന്ന് കുടുംബത്തെ ഇല്ലാതാക്കിയത്. ഞായറാഴ്ച ആന്ധ്രാ പ്രദേശിലെ ചിറ്റൂരിനടുത്ത് കാറപകടത്തില്‍ മരണപ്പെട്ട ഡോക്ടര്‍ സന്തോഷ് ജില്ലാ മെഡിക്കല്‍ ഓഫീസറായി കാഞ്ഞങ്ങാട്ട് ചുമതലയേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു.
പത്ത്  വര്‍ഷത്തിലേറെയായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി  ജോലി ചെയ്തുവരികയായിരുന്ന ഡോ. ആശക്കൊപ്പം രണ്ട് വര്‍ഷം മുമ്പ് വരെ ഡോക്ടര്‍  സന്തോഷും ചെമ്മട്ടം വയലിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

പാണത്തൂര്‍ രാജപുരത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു ഈസമയം ഡോക്ടര്‍ സന്തോഷ്. പിന്നീട്  ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആര്‍ സി എച്ച് ഓഫീസറായി പ്രമോഷന്‍ ലഭിച്ച് ചുമതലയേറ്റ സന്തോഷ് ജന്‍മനാടായ പത്തനം തിട്ടയിലെ റാന്നിയിലെ  തറവാട്ട്  വീട്ടിലായിരുന്നു താമസം. സന്തോഷിന്റെ പിതാവ് റാന്നി കൊറ്റനാട് മുക്കുഴി  മാങ്കല്‍തടത്തില്‍ റിട്ട.അധ്യാപകന്‍ തിവിക്രമന്‍ നായരുടെ മരണ ശേഷം മാതാവ്  റിട്ട. എ ഇ ഒ  സുകുമാരിയമ്മ  വീട്ടില്‍ തനിച്ചായതോടെ  സന്തോഷിന്  ജന്‍മനാട് വിട്ടൊഴിയാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ മകന്‍ ഹരികൃഷ്ണന്‍ കോട്ടയം പാലയിലെ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നതോടെ കാസര്‍കോട് ജില്ലയില്‍ ജോലി  നേടി ഭാര്യ ഡോക്ടര്‍ ആശയോടും  മക്കളുമോടൊപ്പം സ്ഥിര താമസത്തിന്  തയ്യാറെടുത്ത  ഡോക്ടര്‍ സന്തോഷ് ജില്ലാശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായി ജോലി തരപ്പെടുത്തുകയും ചെയ്തിരിന്നു.

ആന്ധ്രാപ്രദേശിലെ പുത്തന്‍ പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിറ്റൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് കുടുംബം  അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതയില്‍ വന്ന ചരക്ക് ലോറിയിടിക്കുകയായിരുന്നു. ഡോക്ടര്‍ സന്തോഷും ഡോകടര്‍ ആശയും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മക്കളായ ഹരികൃഷ്ണനെയും അശ്വിനെയും ഉടന്‍ തന്നെ  ആശുപത്രിയയിലെത്തിച്ചെങ്കിലും ഹരികൃഷ്ണും ആശുപത്രിയില്‍വെച്ച് മരിച്ചു. ഇതിനിടെ  ചെറിയൊരു ഇടവേളക്ക് ശേഷം ഒരുമിച്ച് ജീവിക്കാനുള്ള ആശ ബാക്കിവെച്ച് മരണപ്പെട്ട ഡോക്ടര്‍ ദമ്പതികള്‍ക്ക് മണ്ണിലേക്കുള്ള മടക്കവും വെവ്വേറെയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന ഡോക്ടര്‍ സന്തോഷിന്റെയും ആശയുടെയും ഹരികൃഷ്ണന്റെയും മൃതദേഹങ്ങള്‍ ഒന്നിച്ച് നീലേശ്വരം പാലായിയിലെ ആശയുടെ കുടുംബ വീട്ട് പരിസരത്ത്  സംസ്‌ക്കരിക്കാനായിരുന്നു ബന്ധുക്കള്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പ്രായാധിക്യം കാരണം  സന്തോഷിന്റെ  മാതാവിന്  കാഞ്ഞങ്ങാട്ടെത്താന്‍ കഴിയാതെ വന്നതോടെ മകനെ അവസാനമായി ഒരു നോക്ക് കാണണമെന്ന് മാതാവ് ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ സന്തോഷിന്റെ മൃതദേഹം പത്തനംതിട്ട റാന്നിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം  തിങ്കളാഴ്ച തന്നെ റാന്നിയില്‍ സംസ്‌ക്കരിക്കും.  ഡോക്ടര്‍ ആശയുടെയും മകന്‍ ഹരികൃഷ്ണന്റെയും മൃതദേഹങ്ങള്‍ ഉച്ചയോടെ നീലേശ്വരം പാലായിയിലെ വീട്ട് പരിസരത്ത് സംസ്‌ക്കരിച്ചു.

അതിനിടെ ഡോ. ആശക്കും മകനും കണ്ണീരോടെ നാട് വിടനല്‍കി. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍ അടക്കം നൂറ് കണക്കിനാളുകള്‍ ചെമ്മട്ടംവയല്‍- ആലയി റോഡിലെ ഹരികൃഷ്ണന്‍ നിവാസില്‍ ഒഴുകിയെത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് ആര്‍ ടി പി ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയുടെ രണ്ട് ആംബുലന്‍സുകളിലായാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ എത്തിച്ചത്. അല്‍പ്പ നേരം പൊതു ദര്‍ശനത്തിന് വെച്ച ഡോ. സന്തോഷിന്റെ മൃതദേഹം പത്തനം തിട്ടയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഡോ. സന്തോഷിന്റെ അടുത്ത ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഡോ. ആശയുടെയും മകന്‍ ഹരികൃഷ്ണന്റെയും മൃതദേഹങ്ങള്‍ ചെമ്മട്ടംവയലിലെ വീട്ടില്‍ നിന്ന് പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും അവിടെ പൊതു ദര്‍ശനത്തിന് വെക്കുകയും ചെയ്തു. ഇളയമകന്‍ അശ്വിന്‍ ഗുരുതരമായ പരിക്കുകളോടെ ബാംഗഌര്‍ കോസ്മറ്റോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ അശ്വിന്റെ കാലിന് സാരമായി പരിക്കേല്‍ക്കുകയും കരളിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാ ദേവി, വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ സുജാത, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, നഗരസഭ കൗണ്‍സിലര്‍മാരായ കെ കുസുമം, എം മാധവന്‍, സി ജാനകിക്കുട്ടി, സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍,  വി വി രമേശന്‍, ഡി വൈ എഫ് ഐ നേതാക്കളായ അഡ്വ. കെ രാജ് മോഹനന്‍, ശിവജി വെള്ളിക്കോത്ത്, എ വി സഞ്ജയന്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ചെമ്മട്ടംവയല്‍ ക്രൈസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് പന്തമാക്കല്‍, ഫാ. ജോമോന്‍ കൊട്ടാരത്തില്‍, ഫാ. മാത്യു മാണിക്കത്താഴില്‍, പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് ചര്‍ച്ചിലെ ഫാ. ജോണ്‍സണ്‍ അന്ത്യാങ്കുളം, മേലടുക്കം യത്തീം കത്തോലിക്കന്‍ പള്ളിയിലെ ഫാ. ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. പി ബാബുരാജ്, എം കുഞ്ഞികൃഷ്ണന്‍ ബഷീര്‍ ആറങ്ങാടി തുടങ്ങിയവരും ആതുര ശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരും മറ്റു ജീവനക്കാരും ചെമ്മട്ടംവയലിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍  എത്തിയിരുന്നു.
ഡോക്ടര്‍ ദമ്പതികള്‍ക്കും മകനും നാട് കണ്ണീരോടെ വിടനല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia