യന്ത്രത്തകരാറിനെ തുടര്‍ന്ന് കപ്പല്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് കടലില്‍ കുടുങ്ങി കിടക്കുന്നു
Sep 5, 2012, 18:45 IST
കാഞ്ഞങ്ങാട് കടപ്പുറത്ത് എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലും, കപ്പല്‍ കാണാനെത്തിയ ജനക്കൂട്ടവും. |
കാഞ്ഞങ്ങാട്: ക്രൂഡോയില്‍ ഇറക്കിയ ശേഷം ചെന്നൈയില്‍ നിന്ന് യു.എ.ഇലെ ഫുജൈറയിലേക്ക് തിരിച്ച പ്രതിഭ ഭീമ എന്ന കപ്പല്‍ ബുധനാഴ്ച ഉച്ചവരെയും ഹൊസ്ദുര്‍ഗ് കടപ്പുറത്ത് കടലില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യന്ത്രതകരാര്‍ മൂലം കടലില്‍ കപ്പലിന് നങ്കൂരമിടേണ്ടിവന്നത്. കപ്പല്‍ ക്യാപ്റ്റന്‍ വിജയ വി എസ് കൊടുവാള്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലിലുള്ളത്. യന്ത്രത്തകരാര്‍ നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലില്‍ തന്നെയുള്ള മെക്കാനിക്കിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടന്നുവരുന്നത്.
ഹൊസ്ദുര്‍ഗ് കടപ്പുറത്ത് നവോദയ ക്ലബ്ബിനടുത്ത് കരയില്‍ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ കടലില്‍ നിര്‍ത്തിയിട്ടിട്ടുള്ളത്. തളങ്കരയിലുള്ള തീരദേശ പോലീസ് സ്റ്റേഷനുമായും എറണാകുളത്ത് കോസ്റ്റല്‍ ഗാര്‍ഡുകളുമായും കപ്പല്‍ ക്യാപ്റ്റന്‍ വയര്‍ലെസിലൂടെ നിരന്തരം ബന്ധപ്പെട്ട് യന്ത്രത്തകരാര്‍ നീക്കുന്നതിനുള്ള ജോലികളെ കുറിച്ച് അപ്പപ്പോള്‍ വിവരം കൈമാറുന്നുണ്ട്.
നല്ല കാറ്റും തിരയുമുള്ളതിനാല്‍ തീരദേശ പോലീസിന്റെ ബോട്ടില്‍ കപ്പലിനടുത്തെത്താനുള്ള ശ്രമത്തിന് തടസ്സമായിട്ടുണ്ട്. കപ്പലിലെ മെക്കാനിക്കിനെ കൊണ്ട് യന്ത്രം റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എറണാകുളത്ത് നിന്ന് കോസ്റ്റല്‍ ഗാര്‍ഡുകളുടെ സഹായം തേടാനാണ് കപ്പല്‍ ജീവനക്കാരുടെ തീരുമാനം.
കടലില്‍ നുങ്കരമിട്ട കപ്പല്‍ തീരദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. കപ്പല്‍ കടലില്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട തീരദേശവാസികള്‍ വിവരം അപ്പോള്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കപ്പല്‍ പടിഞ്ഞാര്‍ ഭാഗം ദിശയിലാണ് നിര്‍ത്തിയിട്ടത്. കപ്പലില്‍ നിന്ന് പുകപടലങ്ങള്‍ ഇടക്കിടെ ഉയരുന്നത് കാണാമായിരുന്നു. നിരവധി മത്സ്യതൊഴിലാളികള്‍ ബോട്ടിലും തോണിയിലുമായി കപ്പലിനടുത്തെത്തി ജീവനക്കാരോട് വിവരം തിരക്കിയിട്ടുണ്ട്.
Keywords: Ship, Hosdurg Kadappuram, Kanhangad, Kasaragod