ഹൈദരലി തങ്ങള്‍ക്കെതിരായ ആക്ഷേപം സി.പി.എം. നിലപാട് വ്യക്തമാക്കണം: യു.ഡി.എഫ്
Dec 5, 2011, 09:51 IST
കാഞ്ഞങ്ങാട്: ജാതിമതരാഷ്ട്രീയ ഭേദമന്യേ സര്‍വ്വരാലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധ ജീവിതത്തിന്റെ പ്രതീകമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം വിജയരാഘവന് നടത്തിയ തരംതാണ ആക്ഷേപം അപലപനീയാണെന്നും ഇക്കാര്യത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്നും കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ സി. മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു.
ശത്രുരാജ്യങ്ങളെപ്പോലെ ബോംബും കഠാരയുമായി കണ്ണൂരിലെ തെരുവോരങ്ങളില്‍ സി.പി.എം.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ കഴുത്തറക്കല്‍ രാഷ്ട്രീയത്തിന് അന്ത്യമുണ്ടാക്കിയത് ലീഗാണെന്നും ഇതിന് മധ്യസ്ഥം വഹിച്ച മുസ്ലീം ലീഗ് നേതാവ് ഇ.അഹമ്മദിനെ ആ ചരിത്ര നിയോഗത്തിന് ഏല്‍പ്പിച്ചത് പാണക്കാട് തങ്ങളാണെന്നും സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ക്കെന്നപോലെ നേതാക്കള്‍ക്കും ഉടലില്‍ തല ഉണ്ടെന്ന് ഉറപ്പുവരുത്തിയതിന് തങ്ങളോട് നന്ദി പറയേണ്ടതാണെന്നും മുഹമ്മദ്കുഞ്ഞി പറഞ്ഞു.
അതുകൊണ്ടായിരിക്കാം വിജയരാഘവന്റെ പ്രസ്താവന വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വടക്കന്‍ ജില്ലകളിലെ സി.പി.എം. നേതാക്കള്‍ വിജയരാഘവന്റെ പ്രസ്താവന ന്യായീകരിക്കാതെ മൗനം പാലിച്ചതെന്നും പ്രസ്താവനയില്‍പറഞ്ഞു.
Keywords: CPM, UDF, Kanhangad, Kasaragod