സിപിഐ ജില്ലാ സമ്മേളനം: സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കും
Dec 9, 2011, 15:50 IST
കാഞ്ഞങ്ങാട്: സി പി ഐ ജില്ലാ സമ്മേളനം 11 ന് കാഞ്ഞങ്ങാട്ടാരംഭിക്കാനിരിക്കെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരം നടക്കുമെന്ന് സൂചന. നിലവിലുള്ള ജില്ലാ സെക്രട്ടറി ടി കൃഷ്ണനും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം പി കുഞ്ഞികൃഷ്ണനും തമ്മില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നേര്‍ക്കുനേര്‍ പൊരുതുമെന്നാണ് വിവരം.
കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പെരുമ്പള സ്വദേശിയായ ടി കൃഷ്ണന്‍ ഒരു വട്ടം കൂടി സെക്രട്ടറി സ്ഥാനം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ പാര്‍ട്ടിയിലെ മറ്റൊരു വിഭാഗം നേതൃ മാറ്റത്തിന്റെ സാധ്യത ആരാഞ്ഞ് വരുന്നുണ്ട്. അവര്‍ മുന്നില്‍ നിര്‍ത്തുന്നത് മടിക്കൈ ബങ്കളം സ്വദേശിയും മുതിര്‍ന്ന നേതാവുമായ പി കുഞ്ഞികൃഷ്ണനെയാണ്. സെക്രട്ടറി എന്ന നിലയില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കകത്തെ ചില കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
അതിനിടെ പാര്‍ട്ടിയുടെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ പെരുമ്പള ലോബി കൈയ്യടക്കുന്നതിലും പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. പാര്‍ട്ടി സംസ്ഥാന നേതാവ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ടി കൃഷ്ണനും പെരുമ്പളക്കാരാണ്. ടി കൃഷ്ണന്റെ ഭാര്യ മഹിളാ സംഘത്തിന്റെ ജില്ലാ നേതാവുമാണ്. നിര്‍ണ്ണായകമായൊരു സ്ഥാനം കാഞ്ഞങ്ങാടിന് ലഭിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. ബങ്കളം കുഞ്ഞികൃഷ്ണനെയാണ് ഇക്കാര്യത്തില്‍ കാഞ്ഞങ്ങാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഉയര്‍ത്തിക്കാട്ടുന്നത്. ഡിസംബംര്‍ 13 ന് വൈകിട്ട് പുതിയ ജില്ലാ കൗണ്‍സിലും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ജില്ലാ കൗണ്‍സില്‍ യോഗം പിന്നീട് ചേര്‍ന്ന് ജില്ലാ എ ക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുക്കും. എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത്.
ജില്ലാ സെക്രട്ടറി ടി കൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് കുര്യാക്കോസ്, സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ബാബു, ഇ കെ നായര്‍, ബി വി രാജന്‍, പി എ നായര്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിലുള്ളത്.
Keywords: CPM, District-conference, Kanhangad, Kasaragod