രോഗിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് ചിലവിന് നല്കാന് ഉത്തരവ്
May 30, 2012, 16:30 IST
കാഞ്ഞങ്ങാട്: മാരക രോഗത്തിന് അടിമയായ ഭാര്യയേയും നാലുവയസുള്ള പെണ്കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത ഭര്‍ത്താവ് ആദ്യഭാര്യയ്ക്കും കുഞ്ഞിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം ചിലവനും നല്കാന് കോടതി വിധിച്ചു.
ബേക്കല്‍ കുന്നില്‍ ഇല്യാസ് നഗറിലെ മുസ്തഫയുടെ മകള്‍ സെറീനയ്ക്ക് (25), ഭര്‍ത്താവ് ബിഎ ഹാരിസ് (33) മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 5,000 രൂപ ചെലവിനും നാല് വയസുള്ള മകള്‍ നാസ ഫാത്തിമയ്ക്ക് 1000 രൂപ വീതം മാസംതോറും ചെലവിനും നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജഡ്ജ് ജലജ റാണി വിധിച്ചത്. 2005 ആഗസ്ത് മൂന്നിനാണ് സെറീനയെ ഹാരിസ് മതാചാര പ്രകാരം വിവാഹം ചെയ്തത്. വിവാഹ വേളയില്‍ സെറീനയുടെ വീട്ടുകാര്‍ ഹാരിസിന് 92 പവന് സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ഒരു ലക്ഷം രൂപ കൂടി ഹാരിസിന് സ്ത്രീധനം നല്കി. തുടര്‍ന്ന് 10 ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഹാരിസും വീട്ടുകാരും സെറീനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ ഗര്‍ഭിണിയായ സെറീനയെ വീട്ടില്‍കൊണ്ട് വിട്ട ഹാരിസ് യുവതി പെണ്‍കുഞ്ഞിന് ജന്മംനല്‍കിയശേഷവും സെറിനയേയും കുഞ്ഞിനെയും ഹാരിസ് കാണാന്‍ പോവുകയോ വീട്ടിലേക്ക് തിരിച്ച്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് സെറീനയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ യുവതി മാരക രോഗത്തിന് അടിമയാണെന്ന് കണ്ടെത്തി. രോഗം മൂര്‍ച്ഛിച്ചതോടെ സെറീന മാസങ്ങളോളം മംഗലാപുരം ഫാദര്‍മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
ഈവിവരമറിഞ്ഞ ഹാരിസ് സെറീനയ്ക്ക് ചികിത്സാസഹായം നല്‍കിയില്ലെന്ന് മാത്രമല്ല സെറീനയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വാവിഹം ചെയ്തു. 15 ലക്ഷത്തോളം രൂപയാണ് സെറീനയുടെ ചികിത്സയ്ക്കായി ചെലവായത്.
രോഗിയായ ഭാര്യയേയും കുഞ്ഞിനെയും സംരക്ഷിക്കാത്ത ഹാരിസിനെതിരെ സെറീനയുടെ പിതാവ് മുസ്തഫ കോടതിയില്‍ നല്കിയ ഹരജിയെതുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.
നേരത്തെ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെറീന ഭര്‍ത്താവ് ഹാരിസ് (33), ഭര്‍തൃപിതാവ് ആമുഹാജി (70), മാതാവ് ജമീല (50) എന്നിവര്‍ക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഗുരുതരമായ രോഗത്തെതുടര്‍ന്ന് സെറീന ഇപ്പോഴും തന്റെ വീട്ടില്‍ കിടപ്പില്‍തന്നെയാണ്. മജിസ്ട്രേറ്റ് പ്രത്യേകം നിയോഗിച്ച അഭിഭാഷകന് ഇല്യാസ് നഗറിലെ വീട്ടിലെത്തിയാണ് സെറീനയുടെ മൊഴി രേഖപ്പെടുത്തിയത്.
Keywords: Court Order, Bekal, Kanhangad, Kasaragod