city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പും അഴിമതികളും പുറത്തു വന്നു

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2015) കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദാശ്രമത്തിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന തട്ടിപ്പുകളെയും ക്രമക്കേടുകളെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ഭക്തരുള്ള നിത്യാനന്ദാശ്രമത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പബ്ലിക് ട്രസ്റ്റിന്റെ നടത്തിപ്പുകാരാണ് സെക്രട്ടറിയെയും ട്രഷററെയും നോക്കുകുത്തികളാക്കി ആശ്രമത്തിന്റെയും വിദ്യാകേന്ദ്രത്തിന്റെയും സമ്പാദ്യം കൈയ്യിട്ടു വാരുന്നതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
ആശ്രമത്തിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന തട്ടിപ്പുകളെയും അഴിമതികളെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി കെ.വി. ഗണേശനും സൊസൈറ്റി ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിത്യാനന്ദാ വിദ്യാകേന്ദ്രം സെക്രട്ടറി ടി. പ്രേമാനന്ദും ഐ.ജിക്കും, കാസര്‍കോട് ജില്ലാ പോലീസ് ചീഫ്, വിജിലന്‍സ് എന്നിവര്‍ക്കും പരാതി നല്‍കി. വര്‍ക്കിംഗ് ചെയര്‍മാന്‍ ഉഡുപ്പിയിലെ കെ. ദിവാകര ഷെട്ടിയെയും ട്രസ്റ്റി എച്ച്. ലക്ഷ്മണനെയും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.

21 ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരില്‍ ഒരാളായ നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന എച്ച്. ലക്ഷ്മണനാണ് ഏതാനും വര്‍ഷമായി ആശ്രമത്തിലെ സാമ്പത്തിക കാര്യങ്ങളുള്‍പെടെ അനധികൃതമായി കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇദ്ദേഹത്തിന് യാതൊരു അധികാരവുമില്ലെന്നും പല രേഖകളിലും കൃത്രിമം നടത്തി പണം തട്ടിയെടുക്കുകയുമാണെന്നാണ് പരാതി. ആശ്രമത്തില്‍ അന്നദാനം, ജനറല്‍ അക്കൗണ്ട്, കണ്‍സ്ട്രക്ഷന്‍, എഡ്യൂക്കേഷന്‍ മേയ്ന്റനെന്‍സ് എന്നിവയുടെയെല്ലാം അക്കൗണ്ട് ആശ്രമത്തില്‍ നിലവിലുണ്ട്. ഗുരുവനത്ത് നിത്യാനന്ദ സ്വാമിയുടെ ക്ഷേത്രവും എല്‍.കെ.ജി. മുതല്‍ 10ാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളും ആശ്രമത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

നിത്യാനന്ദാശ്രമത്തിനോടനുബന്ധിച്ചാണ് സ്വാമി നിത്യാനന്ദ പോളി ടെക്‌നിക്കും, സ്വാമി നിത്യാനന്ദ കോളജ് ഓഫ് എഞ്ചിനീയറിംഗും പ്രവര്‍ത്തിക്കുന്ന ശ്രീനിത്യാനന്ദാ വിദ്യാകേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. ആശ്രമത്തിലെ ട്രസ്റ്റിമാരില്‍ ചിലര്‍ തന്നെയാണ് സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രത്തിലെ ഡയറക്ടര്‍മാരായുമുള്ളത്. നിത്യാനന്ദസ്വാമിയുടെ പേരില്‍ ഇന്ത്യയിലും വിദേശത്തുമായി 300 ഓളം ആശ്രമങ്ങളുണ്ടെന്നാണ് കണക്ക്.

അതു കൊണ്ടു തന്നെ പ്രധാന കേന്ദ്രമായ കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമത്തിന് മറ്റുള്ള ആശ്രമങ്ങളേക്കാള്‍ പ്രാധാന്യമാണുള്ളത്. ഗുരുവനത്ത് ഉണ്ടായിരുന്ന പഴയ ക്ഷേത്രം പൊളിച്ച് പുതിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒന്നരക്കോടിയോളം രൂപയാണ് ചിലവായത്. എന്നാല്‍ ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ട്രസ്റ്റിന്റെ വര്‍ക്കിംഗ് പ്രസിഡണ്ടായ ദിവാകര്‍ ഷെട്ടി മറ്റു ട്രസ്റ്റിമാര്‍ അറിയാതെ ഉഡുപ്പിയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും റസീത് ഉണ്ടാക്കി 50 ലക്ഷം രൂപയോളം പുറമെനിന്നടക്കം പിരിവ് നടത്തിയതായും ആക്ഷേപമുണ്ട്.

എന്നാല്‍ ഈ തുക ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുകയോ ഇതിന്റെ തുക ആശ്രമം അക്കൗണ്ടില്‍ വരികയോ ചെയ്തിട്ടില്ല. ഗുരുവനത്ത് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ശരിയായ രീതിയിലല്ല നിര്‍മ്മിച്ചതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ജാതി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഈട് നില്‍ക്കാത്ത പൊന്‍ചെമ്പക മരത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മരം കൂടാതെ ചെമ്പ്, തകിട്, കരിങ്കല്ല് തുടങ്ങി മുഴുവന്‍ സാധനങ്ങളും വര്‍ക്കിംഗ് പ്രസിഡണ്ടായ ദിവാകര്‍ ഷെട്ടി ഉഡുപ്പിയില്‍ നിന്നും ജോലിക്കാരെയടക്കം കൊണ്ടുവന്നാണ് നടത്തിയത്. മഴ വന്നാല്‍ ഇപ്പോള്‍ ക്ഷേത്രം ചോരുന്ന സ്ഥിതിയാണുള്ളത്.

ക്ഷേത്ര നിര്‍മ്മാണത്തിലേതടക്കം മുഴുവന്‍ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ ട്രസ്റ്റിമാരില്‍ ഒരാളായ മുംബൈയിലെ ആനന്ദ ഗുപ്തയെ ട്രസ്റ്റി സ്ഥാനത്ത് നിന്നും ഇതിനിടയില്‍ പുറത്താക്കാനും ശ്രമിച്ചിരുന്നു. അഴിമതിയും മറ്റും എതിര്‍ത്തതിന്റെ പേരില്‍ ദിവാകര്‍ ഷെട്ടിയുടെ ആള്‍ക്കാര്‍ ആനന്ദഗുപ്തയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിത്യാനന്ദ സ്വാമിയുടെ ജന്മ സ്ഥലമായ കൊയിലാണ്ടിയിലെ ആശ്രമം നിര്‍മ്മിച്ചത് ആനന്ദഗുപ്തയുടെ പിതാവായിരുന്നു. കാഞ്ഞങ്ങാട് ഗോശാല നിര്‍മ്മിക്കുന്നതിനും അന്നപൂര്‍ണ ഹാളിന് പേയ്‌മെന്റ് ബ്ലോക്ക് കെട്ടുന്നതിനും അഞ്ച് ലക്ഷത്തോളം രൂപ സഹായം നല്‍കിയത് ആനന്ദഗുപ്തയായിരുന്നു. കൂടാതെ അന്നപൂര്‍ണ ഹാളില്‍ സ്റ്റീം കിച്ചണ്‍ ഉണ്ടാക്കിയതും ഇദ്ദേഹം തന്നെയാണ്.

ക്രമക്കേടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇദ്ദേഹത്തെ ട്രസ്റ്റി സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് ആരോപണം. നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിന്റെ കീഴിലുള്ള രസീത് ഉപയോഗിച്ച് 54.54 ലക്ഷം രൂപ ട്രസ്റ്റിയായ ലക്ഷ്മണന്‍ കൈപറ്റിയതായും പരാതിയില്‍ പറയുന്നു. രസീത് നമ്പര്‍ 89 മുതല്‍ 251 വരെ ഉപയോഗിച്ചാണ് ആശ്രമത്തിന്റെ പേരില്‍ 2014 മെയ് 28 മുതല്‍ ഓഗസ്റ്റ് 28 വരെയായി ഇത്രയും വലിയ തുക കൈപറ്റിയത്. ഇതിന്റെ കൃത്യമായ കണക്ക് ആശ്രമ സെക്രട്ടറിയോ ട്രഷററെയോ ഇതു വരെ അറിയിച്ചിട്ടില്ല. ഇതില്‍ രണ്ടു ലക്ഷം രൂപ മാത്രം ബാങ്കിലടക്കുകയാണ് ചെയ്തതെന്നും ബാക്കി തുകയെ ചോദിച്ചപ്പോള്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് കൃത്യമായ വിശദീകരണമല്ല നല്‍കിയത്.

ആശ്രമത്തിന്റെ ബൈലോ പ്രകാരം ഒരു രൂപ പോലും കൈവശം വെക്കാനോ വിനിയോഗിക്കാനോ അധികാരമില്ലാത്ത വര്‍ക്കിംഗ് പ്രസിഡണ്ടും ട്രസ്റ്റിയും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2012 ഡിസംബര്‍ 12 ന് 920ാം നമ്പര്‍ രസീത് ഉപയോഗിച്ച് ഒരു ലക്ഷം രൂപ ദിവാകര്‍ ഷെട്ടി കൈപറ്റിയിരുന്നെങ്കിലും ഇത് ആശ്രമത്തില്‍ ഏല്‍പിക്കാതെ ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആശ്രമത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന അഴിമതിയെയും ക്രമക്കേടുകളെയും ചൂണ്ടിക്കാട്ടിയവരെ പുറത്താക്കാന്‍ ശ്രമിക്കുകയും അഴിമതി നടത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ആശ്രമ ഭാരവാഹികള്‍ നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ആശ്രമത്തോടനുബന്ധിച്ചുള്ള വിദ്യാകേന്ദ്രത്തിലെ ക്രമക്കേടുകളെയും തട്ടിപ്പുകളേയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്ത ദിവസം...

സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പും അഴിമതികളും പുറത്തു വന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Kanhangad, Complaint, Vidya kendra, Swami Nithyananda Ashram, Kanhangad, Kerala, India, Corruption in Ashram; complaint lodged.

സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പും അഴിമതികളും പുറത്തു വന്നു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia