city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് എ യോഗം ബി.ജെ.പി ക്ലബില്‍; നേതാക്കളുടെ വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു

കോണ്‍ഗ്രസ് എ യോഗം ബി.ജെ.പി ക്ലബില്‍; നേതാക്കളുടെ വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു
ചുള്ളിക്കര: കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ യോഗം ബിജെപി അനുഭാവമുള്ള പുരുഷ സ്വയം സഹായ സംഘത്തിന്റെ ഓഫീസില്‍. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ അണികളാവട്ടെ, യോഗത്തിനെത്തിയ നേതാക്കളുടെ വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അട്ടേങ്ങാനം തട്ടുമ്മല്‍ പവര്‍ സ്റ്റേഷന് അടുത്തുള്ള ക്ലബ് കെട്ടിടത്തില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ നേതാക്കളെത്തിയത്.

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായ തട്ടുമ്മലിലെ വി മാധവന്‍നായരുടെ വീട്ടില്‍ യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് യോഗം ക്ലബ് ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി ഗംഗാധരന്‍ നായര്‍, ഡിസിസി സെക്രട്ടറി കരിമ്പില്‍ കൃഷ്ണന്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ നാരായണന്‍, പനത്തടി മണ്ഡലം പ്രസിഡന്റ് എന്‍ ഐ ജോയി എന്നിവര്‍ ഉള്‍പ്പെടെ ഏതാണ്ട് മുപ്പതോളം പേരാണ് രഹസ്യ യോഗത്തിനെത്തിയത്.

സെപ്തംബര്‍ 12 നും 18 നുമായി നടക്കുന്ന ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം പൊളിക്കാനാണ് എ വിഭാഗത്തിന്റെ രഹസ്യ യോഗമെന്ന് മണത്തറിഞ്ഞ ഐ വിഭാഗം പ്രവര്‍ത്തകര്‍ യോഗ സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെ രഹസ്യ യോഗം അലങ്കോലപ്പെട്ടു.
ഇതിനിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് ബിജെപി അനുഭാവ ക്ലബ്ബ് വേദിയാക്കിയതിനെതിരെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. പ്രവര്‍ത്തകരില്‍ ചിലര്‍ നേതാക്കള്‍ സഞ്ചരിച്ച വാഹനങ്ങളുടെ ടയറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്തു.

കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് സോമി മാത്യു പ്രസിഡന്റായുള്ള ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം 12 ന് കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനിയും 18 ന് പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
പത്മജവേണുഗോപാല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ഈ സമ്മേളനം പൊളിക്കാനാണ് എ വിഭാഗം രഹസ്യ യോഗം ചേര്‍ന്നതെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം.

ഇതിനിടെ മലയോരത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എല്ലാ പരിധികളും വിട്ട് പുതിയ തലത്തിലേക്ക് വഴിമാറിയിട്ടുണ്ട്. നീതിപൂര്‍വ്വം കൃത്യനിര്‍വ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ജീവനക്കാരെയും കെപിസിസി നിര്‍വാഹക സമിതിയംഗം പി ഗംഗാധരന്‍ നായര്‍ പീഡിപ്പിക്കുന്നതായി കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരസ്യപ്രസ്താവന ഇറക്കി. ബളാലിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായി കെപിസിസിക്ക് ഇവര്‍ പരാതിയും അയച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സംഘത്തെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത രാജപുരം എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയുണ്ടെന്ന് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമിമാത്യുവും പരസ്യ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും മറ്റൊരു കേസിലും ബന്ധപ്പെട്ടിരുന്നില്ലെന്നും ഈ കേസില്‍ നീതിപൂര്‍വമായ നിലപാടെടുക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നുവെന്നാണ് ഗംഗാധരന്‍ നായര്‍ പ്രതികരിച്ചത്.

Keywords: Congress(A), Meeting, BJP Club, Congress(I), Protest, Chullikara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia