എസ്.എഫ്.ഐ താലൂക്ക് ഓഫീസ് മാര്‍ച്ച് അക്രമാസക്തം; പോലീസ് ലാത്തിചാര്‍ജ് നടത്തി
Jun 7, 2012, 12:51 IST
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് രാജിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. താലൂക്ക് ഓഫീസ് പരിസരം മണിക്കൂറുകളോളം തെരുവ് യുദ്ധത്തിന്റെ പ്രതീതിയിലായി.
വ്യാഴാഴ്ച 12 മണിയോടെയാണ് നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായി താലൂക്ക് ഓഫീസ് കാവാടത്തിലെത്തിയത്. കവാടത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ശക്തമായ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പോലീസിനെ വകവെയ്ക്കാതെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷാലുമാത്യുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും കോംപൗണ്ടിനകത്ത് പ്രവേശിക്കുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോംപൗണ്ടിനകത്ത് പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി.
അതിനിടെ എസ്.എഫ്.ഐ ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവരെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ പോലീസ് സബ് രജിസ്റ്റാര്‍ ഓഫീസിന് സമീപത്തുള്ള ഇടവഴിയിലൂടെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അതേസമയം ചിതറിയോടിയ പ്രവര്‍ത്തകരെ മീറ്ററുകളോളം പിന്തുടര്‍ന്ന് തല്ലിയോടിക്കുന്നത് കാണാമായിരുന്നു. പോലീസ് ലാത്തിചാര്‍ജില്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടു സംഘടിച്ച് നഗരത്തില്‍ പ്രകടനം നടത്തി.
വ്യാഴാഴ്ച രാവിലെ കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷാലു മാത്യു, കെ.സബീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എ.എസ്.പി., എച്ച്. മഞ്ചുനാഥ, സി.ഐ.,കെ.വി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
Keywords: Clash, SFI, Taluk office march, Kanhangad, Kasaragod