പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡണ്ടുമാര്‍ക്ക് കോണ്‍ഗ്രസിന്റെ വിലക്ക്
Feb 23, 2012, 16:29 IST
കാഞ്ഞങ്ങാട്: തുടര്‍ച്ചയായി പത്ത് വര്‍ഷം കോണ്‍ഗ്രസ് ഐ മണ്ഡലം-ബ്ലോക്ക് പ്രസിഡണ്ടുമാരായി തുടരുന്ന നേതാക്കള്‍ ഇനി പടിക്ക് പുറത്ത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഈ സ്ഥാനം വഹിച്ച എല്ലാവരെയും ഒഴിവാക്കാന്‍ കെ പി സി സിയില്‍ തീരുമാനമായി. കെ പി സി സി പുന: സംഘടന നീളുമെന്ന് ഉറപ്പായിരിക്കെയാണ് മണ്ഡലം- ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നേര്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വിലക്ക് വീണത്. പാര്‍ട്ടി മുന്നോട്ടുവെച്ച ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം പരാജയപ്പെട്ടതോടെയാണ് അനുസരിക്കാത്ത മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി താഴെ തട്ടിലെ നിരയില്‍ അച്ചടക്കം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
പത്തുവര്‍ഷത്തില്‍ കൂടുതല്‍ മണ്ഡലം പ്രസിഡണ്ടുമാരായി തുടരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ ഒഴിവാക്കുക എന്നതാണ് ആദ്യപടി. ബ്ലോക്ക് പ്രസിഡണ്ട് പദവിയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്നവര്‍ക്കും ഇതേ നടപടി പ്രതീക്ഷിക്കാം. ഇത്തരക്കാരുടെ ലിസ്റ്റ് അതത് ഡി സി സി പ്രസിഡണ്ടുമാര്‍ മുഖേന ശേഖരിച്ചു തുടങ്ങി. പുതുമുഖങ്ങള്‍ക്ക് സ്ഥാനം നല്‍കാനാണ് പാര്‍ട്ടി നേതൃത്വം ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മേല്‍ത്തട്ടില്‍ വിരാജിക്കുന്ന നേതാക്കള്‍ മഹാഭൂരിപക്ഷവും ഇരട്ടപ്പദവികളില്‍ തുടരാനാണ് സാധ്യത. എം എല്‍ എമാരും എംപിമാരുമായവരില്‍ അധികം പേരും കെ പി സി സി ഭാരവാഹിത്വം ഒഴിയാന്‍ സന്നദ്ധരല്ലെന്ന് ഇതിനകം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കെ പി സി സി പുന: സംഘടനാ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
പിറവം ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ അത് കഴിഞ്ഞ് മാത്രമേ പുന:സംഘടനാ ചര്‍ച്ച പോലും തുടങ്ങാന്‍ കഴിയൂ. പാര്‍ട്ടി നിലപാടിനെതിരെ നിലപാടെടുത്ത നേതാക്കളെ തൊടാനാവാത്ത വിധം സമ്മര്‍ദ്ദത്തിലാണ് കെ പി സി സി നേതൃത്വം. ഇതിനിടെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങളുടെ പങ്കുവെയ്പ്പില്‍ അതൃപ്തരായ ഗ്രൂപ്പുകളെ നേരിടേണ്ട സാഹചര്യവും രമേശ് ചെന്നിത്തലയ്ക്കുണ്ട്. പലവട്ടം എം എല്‍ എയും മന്ത്രിയുമായിട്ടുളളവര്‍ക്ക് വീണ്ടും നിര്‍ണ്ണായക പദവികള്‍ വച്ചു നീട്ടിയ പ്രസിഡണ്ടിന്റെ നടപടിയില്‍ എ ഗ്രൂപ്പ് കടുത്ത അസംതൃപ്തിയിലാണ്. അര്‍ഹിക്കുന്ന മുതിര്‍ന്ന നേതാക്കളെ തഴഞ്ഞെന്ന് ഐ ഗ്രൂപ്പും സ്ഥാനമോഹികളുടെ തള്ളിക്കയറ്റം മൂലം തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്നുമാണ് എ ഗ്രൂപ്പും പരാതിപ്പെട്ടത്.
Keywords: Congress, Kanhangad, Kasaragod