ചന്ദ്രിഗിരി സംസ്ഥാന പാത നവീകരണം ജനുവരിയില്‍ തുടങ്ങും
Aug 21, 2012, 23:50 IST
28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഏഴുമീറ്റര്‍ വീതിയില്‍ ഗ്രാനുലാല്‍ സബ് ബെയ്‌സ് (ജി.എസ്.ബി), വെറ്റ് മിക്‌സ്ഡ് മെക്കാഡം എന്നീ രീതികള്‍ അവലംബിച്ചാണു നവീകരിക്കുക. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് 28 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും രണ്ടരമീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡര്‍, റോഡ് മാര്‍ക്കിങ്, ഇരുവശങ്ങളിലും ഓടകള്‍, റോഡ് സൈനേജ് ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, ജംഗ്ഷന്‍ വികസനം, മരംവച്ചുപിടിപ്പിക്കല്‍, റോഡിനിരുവശവും ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ട അടക്കമുള്ള പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് സംസ്ഥാനപാത കടന്നുപോവുന്നത്. കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന തീരദേശപാത കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയ പാതയിലാണ് അവസാനിക്കുന്നത്.
ജില്ലാ ആശുപത്രി വരെ നവീകരണപദ്ധതിയില്‍ ഉള്‍പെടുത്തി റോഡ് ദീര്‍ഘിപ്പിക്കും. ചെമ്മനാട്, മേല്‍പറമ്പ്, കളനാട്, ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം, ബേക്കല്‍, പള്ളിക്കര, ചാമുണ്ടിക്കുന്ന്, ചിത്താരി, മഡിയന്‍ വഴിയാണു റോഡ് കടന്നുപോവുന്നത്. പള്ളിക്കര ബീച്ച്, ബേക്കല്‍ കോട്ട എന്നിവിടങ്ങളിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ റോഡ് ഏറെ ഉപകാരപ്പെടും.
1982 ല്‍ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന പരേതനായ സി.എച്ച്. മുഹമ്മദ് കോയയാണ് എം.എല്‍.എയായിരുന്ന സി ടി അഹമ്മദലിയുടെ സമര്‍ദ്ദത്തെ തുടര്‍ന്ന് ചന്ദ്രഗിരി പാലവും തീരദേശ റോഡും അനുവദിച്ചത്. 1984ലാണ് ചന്ദ്രഗിരിപാലം റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. ദേശസല്‍കൃത റൂട്ടാണ് ചന്ദ്രഗിരി തീരദേശപാത.
പള്ളിക്കരയില്‍ റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമായതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കും ഒഴിവായിട്ടുണ്ട്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയും വികസനത്തിന്റെ വഴിയിലാണ്. റോഡിനിരുവശങ്ങളിലും അപകടം കുറയ്ക്കാന്‍ സിഗ്നലുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ ജാല്‍സൂരില്‍ സ്വാഗതകമാനവും സ്ഥാപിച്ചിട്ടുണ്ട്.
Keywords: State highway, Work, Kasaragod-Kanhangad, Chandragiri Road, K.S.T.P.