കാവല്‍ക്കാരന്റെ കണ്‍മുന്നില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്തു
Mar 5, 2012, 16:32 IST
കവര്‍ച്ച നടന്ന ഡോക്ടര്‍ ഹഫീസിന്റെ വീട് |
ഡോക്ടര്‍ അബ്ദുള്‍ ഹഫീസ് മിക്കവാറും മംഗലാപുരത്താണ് താമസം. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ഷമീഹഫീസും കുട്ടിയും മംഗലാപുരത്താണ് താമസം. ഡോ. അബ്ദുള്‍ ഹഫീസ് ആശുപത്രിക്ക് പിറക് വശത്തുള്ള വീട് പൂട്ടി സാധാരണ പോലെ ശനിയാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പോയതാണ്.
ആശുപത്രി കോമ്പൌണ്ടില്‍ വീടായതിനാല്‍ ആശുപത്രിയിലെ ജീവനക്കാരന്‍ കര്‍ണ്ണാടക സകലേഷ് പുരത്തെ ആനന്ദനാണ് വീടിന് കാവല്‍ നില്‍ക്കാറുള്ളത്. രാത്രി ആശുപത്രിയിലും വീട്ടിലുമായി കഴിയുകയാണ് ആനന്ദ് ചെയ്യാറുള്ളത്.
ശനിയാഴ്ച രാത്രി ആനന്ദ് ഡോക്ടറുടെ വീട്ടിലായിരുന്നു. 12 മണിയോടെ ആശുപത്രിയില്‍ നിന്നും വിളിച്ചതനുസരിച്ച് ആനന്ദ് അങ്ങോട്ട് പോയി. ആശുപത്രിയിലെ ഒരു രോഗിയെ ഷിഫ്റ്റ് ചെയ്യുന്നതിന് സഹായത്തിനാണ് ആനന്ദിനെ ആശുപത്രിയിലേക്ക് വിളിപ്പിച്ചത്. ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങാനിരിക്കെ ഫാര്‍മസിസ്റ് ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അയാളുടെ മാതാവിന്റെ മുറിയിലേക്ക് പോകുന്നതിന് ആനന്ദിനെ ഫാര്‍മസിയില്‍ കാവലിരുത്തിയിരുന്നു.
വെളുപ്പിന് 3.50 മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ ആശുപത്രി കോമ്പൌണ്ട് വഴി തന്റെ കണ്‍മുന്നിലൂടെ ഡോക്ടറുടെ ഇന്നോവ കാര്‍ പുറത്തേക്ക് പോകുന്നതായി ആനന്ദിന്റെ ശ്രദ്ധയില്‍പ്പെട്ടു. സാധാരണ ഡോക്ടറും ആശുപത്രി മാനേജര്‍ ഇട്ടമ്മലിലെ യൂസഫും ഈ കാര്‍ ഉപയോഗിക്കാറുണ്ട്. മാനേജര്‍ എത്തി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോകുകയാണെന്ന് കരുതിയ ആനന്ദ് മാനേജറെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ വീട്ടിലാണ് ഉള്ളതെന്നും കാറിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മറുപടി കിട്ടി. സംശയം തോന്നിയ മാനേജര്‍ ഉടന്‍ മംഗലാപുരത്തുള്ള ഡോക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് കാര്‍ മോഷണം പോയതായി വ്യക്തമായത്.
ഉടന്‍ പോലീസില്‍ വിവരം കൈമാറി. അതിര്‍ത്തി പോലീസ് സ്റേഷനിലേക്ക് അപ്പോള്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസ് സ്റേഷനില്‍ നിന്ന് വയര്‍ലെസ്സ് സന്ദേശം കൈമാറിയിരുന്നു. ഡോക്ടറുടെ വീട്ടില്‍ അഞ്ച് ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചക്കാരന്‍ വീടിനകത്തുള്ള സാധനങ്ങള്‍ വാരി വലിച്ചിട്ടിരുന്നു. ഞായറാഴ്ച രാവിലെ ഡോക്ടര്‍ മംഗലാപുരത്ത് നിന്ന് എത്തി വീട് പരിശോധിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. കവര്‍ച്ചക്കിരയായ ഇന്നോവ കാര്‍ കണ്ടെത്താനായില്ല. ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, എസ് ഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ധനും എത്തി പരിശോധന തുടങ്ങി.
Keywords: Car, robbery, Kanhangad, Kasaragod