നെയ്യാറ്റിന്‍കരയില്‍ കുതിരക്കച്ചവടത്തിനെതിരെയുള്ള പോരാട്ടം: ഡോ. തോമസ് ഐസക്
Mar 27, 2012, 21:26 IST
കാഞ്ഞങ്ങാട്: നെയ്യാറ്റിന്‍കരയില്‍ ധാര്‍മികതയും കുതിരക്കച്ചവടവും തമ്മിലുള്ള മത്സരമായിരിക്കും നടക്കുകയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാവുങ്കാലില്‍ ആര്‍എസ്എസുകാര്‍ കൊലചെയ്ത ഉദയന്‍കുന്നിലെ പ്രഭാകരന്റെ 29-ാം രക്തസാക്ഷി വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയില്‍ സിപിഐ എമ്മിന്റെ എംഎല്‍എയെ കുതിരക്കച്ചവടത്തിലൂടെയാണ് യുഡിഎഫ് രാജിവയ്പ്പിച്ചത്. കുതിരക്കച്ചവടത്തിലെ കരാറുകള്‍ ഓരോന്നായി പുറത്തുവരികയാണ്. ശെല്‍വരാജിന്റെ മരുമകന് എറണാകുളത്ത് 40,000 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കി. മണ്ഡലത്തില്‍ 25 കോടിയുടെ പദ്ധതിക്ക് തിടുക്കപ്പെട്ട് അനുമതി നല്‍കി. അവസാനമായി ശെല്‍വരാജിനെ തന്നെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന കരാറും യുഡിഎഫ് നടപ്പിലാക്കുകയാണ്.
ജാതി- മത ശക്തികളുടെ കേന്ദ്രീകരണമുണ്ടാക്കിയാണ് യുഡിഎഫ് പിറവത്ത് വിജയം നേടിയത്. ഇതേ അടവുതന്നെ നെയ്യാറ്റിന്‍കരയിലും പയറ്റാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ എല്‍ഡിഎഫിന് ഭരണം വേണ്ടെന്ന കാര്യം സിപിഐ എം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞതാണ്. ഭരണപക്ഷത്തുള്ള പല പാര്‍ടികള്‍ക്കും രണ്ട് മനസാണ്. അവര്‍ ഏത് സമയത്തും ഇടതുപക്ഷത്തേക്ക് വരാനൊരുക്കമാണ്. പക്ഷേ ഇടതുപക്ഷം അത്തരം കുതിരക്കച്ചവടത്തിനില്ല. മറിച്ച് ജനങ്ങളുടെ ഓരോ പ്രശ്നങ്ങളിലുമിടപെട്ട് അവരെ പ്രക്ഷോഭ സമരങ്ങളില്‍ അണിനിരത്തി അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും തോമസ് ഐസക് പറഞ്ഞു.
Keywords: Thomas Isaac, Kanhangad, Kasaragod