എരോല്‍കാവ് ക്ഷേത്ര കവര്‍ച്ച: വിചാരണ തുടങ്ങി
May 28, 2012, 14:27 IST
ഹൊസ്ദുര്‍ഗ്: ബേക്കല്‍ പോലീസ് സ്റേഷന്‍ പരിധിയിലെ എരോല്‍കാവ് ശ്രീ വൈഷ്ണവി ഭഗവതിക്ഷേത്രത്തില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണം കൊള്ളയടിച്ച കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ ആരംഭിച്ചു.
2011 ജൂണ്‍ 15 ന് രാത്രിയാണ് വൈഷ്ണവി ഭഗവതിക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം വാതിലിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ ഭഗവതിയുടെ കല്ലില്‍തീര്‍ത്ത വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒമ്പതര ഗ്രാം തൂക്കമുള്ള കരിമണിയോടെയുള്ള സ്വര്‍ണ്ണമാല കവര്‍ന്നത്. ജൂണ്‍ 15 ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് മേല്‍ശാന്തി സുരേഷ് ബഡിക്കല്ലായ ക്ഷേത്രം അടച്ചുപോയതായിരുന്നു. താക്കോല്‍ മേല്‍ശാന്തിയാണ് സൂക്ഷിക്കുന്നത്. പിറ്റേദിവസം പുലര്‍ച്ചെ ആറ് മണിക്ക് ക്ഷേത്ര ജീവനക്കാരന്‍ പിവി നാരായണന്‍ മേല്‍ശാന്തിയോട് താക്കോല്‍വാങ്ങി വൈഷ്ണവി ഭഗവതിക്ഷേത്രം ശ്രീകോവില്‍ തുറക്കാനെത്തിയപ്പോഴാണ് ചുറ്റമ്പലത്തിന്റെ വാതിലും ശ്രീകോവിലും കുത്തിത്തുറന്ന നിലയില്‍ കണ്ടത്. നാരായണന്‍ ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയപ്പോഴാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്. ഉടന്‍ തന്നെ നാരായണന്‍ വിവരം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്എരോല്‍കാവ് പുതുച്ചേരിയിലെ പി ഭാസ്ക്കരന്‍ നായരെ അറിയിക്കുകയായിരുന്നു. ഭാസ്ക്കരന്‍നായരും മറ്റു ക്ഷേത്രഭാരവാഹികളും ഉടന്‍തന്നെ കവര്‍ച്ചാ വിവരം ബേക്കല്‍ പോലീസില്‍ അറിയിച്ചു.
പോലീസും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ഭാസ്ക്കരന്‍നായരുടെ പരാതി പ്രകാരമാണ് ക്ഷേത്രത്തിലെ കവര്‍ച്ച സംബന്ധിച്ച് പോലീസ് കേസ് രജിസ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പാലക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രമേശന്റെ മകന്‍ ഷൈജു(25), എറണാകുളം പറവൂരിലെ പഴനിയുടെ മകന്‍ സന്തോഷ് (28) എന്നിവരെ അറസ്റ് ചെയ്തു. പ്രതികളെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബേക്കല്‍ എസ്ഐ ടി ഉത്തംദാസാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Arolkavu Temple, Robbery, Kanhangad, Kasaragod