അജ്മലിന്റെ മരണം: പുല്ലൂര്‍ സ്വദേശിയും സുഹൃത്തും മുങ്ങി
May 7, 2012, 16:30 IST
കാഞ്ഞങ്ങാട്: ബാംഗ്ളൂരില്‍ എയര്‍നോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി കണ്ണൂര്‍ കാപ്പാട്ടെ അജ്മല്‍(17)കോളേജ് ഹോസ്റലിലെ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ പുല്ലൂരിനടുത്ത തടത്തില്‍ സ്വദേശി അനുരാജ് (22), കണ്ണൂര്‍ എടക്കാട് പുതിയപറമ്പത്ത് എസ് സച്ചിന്‍(21) എന്നിവര്‍ നാട്ടില്‍ നിന്ന് മുങ്ങിയതായി കര്‍ണാടക പോലീസ് തിരിച്ചറിഞ്ഞു.
ഇവരെ അന്വേഷിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്ക്ജാല പോലീസ് ഇന്‍സ്പെക്ടര്‍ എച്ച് ജെ തിപ്പസ്വാമിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം കണ്ണൂരിലും പുല്ലൂരിലും എത്തിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാട്ടില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങിയതായി തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലും പോലീസ് സ്റേഷനുകളിലും റെയില്‍വെ സ്റേഷനുകളിലും ബസ്സ്റാന്റുകളിലും ലുക്ക്ഔട്ട് നോട്ടീസ് വ്യാപകമായി പതിച്ചിട്ടുണ്ട്.
അതിനിടെ അജ്മലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കാത്ത കേരള പോലീസിനെ കര്‍ണാടക പോലീസ് രൂക്ഷമായി വിമര്‍ശിച്ചു. രണ്ട് പ്രതികളെയും പിടികൂടാന്‍ നിരവധി തവണ കര്‍ണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടും അവര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനോ പ്രതികളെ പിടികൂടാനോ കേരള പോലീസ് യാതൊന്നും ചെയ്തില്ലെന്ന ശക്തമായ പരാതി കര്‍ണാടക പോലീസിനുണ്ട്. അവര്‍ ഇക്കാര്യം കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.
2012 മാര്‍ച്ച് 22 ന് രാത്രി 10 മണിയോടെ കോളേജ് ഹോസ്റലിലെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട അജ്മല്‍ മാര്‍ച്ച് 29 ന് വിക്ടോറിയ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ഈ കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാളെ നേരത്തെ കര്‍ണാടക പോലീസ് അറസ്റ് ചെയ്തിരുന്നു.
Keywords: Ajamal's death, Two escaped, Kanhangad, Kasaragod