ടിപി-ഷുക്കൂര്‍ കൊലക്കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ സി കെ ശ്രീധരന്‍ പരിഗണനയില്‍
Jul 18, 2012, 15:54 IST
Adv.C.K.Sreedharan |
അഡ്വ സി കെ ശ്രീധരനെ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി കെ ശ്രീധരന് പുറമെ കോഴിക്കോട്ടെ അഡ്വ പി കുമാരന്‍കുട്ടിയുടെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സി കെ ശ്രീധരനാണ് പ്രഥമ പരിഗണനയെന്ന് സൂചനയുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുമാരന്‍കുട്ടി നടപടികള്‍ കൈകാര്യം ചെയ്യാനും വിചാരണ ഘട്ടത്തില്‍ അഡ്വ സി കെ ശ്രീധരന്‍ കോടതിയില്‍ ഹാജരാകാനുമുള്ള ധാരണ ആഭ്യന്തര വകുപ്പില്‍ ഉരുത്തിരിഞ്ഞതായി അറിയുന്നു. സര്‍ക്കാര്‍ നിയമ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ അഡ്വ സി കെ ശ്രീധരനുമായി ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഷുക്കൂര്‍ വധക്കേസിലും സി കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാനാണ് സാധ്യത. പോലീസും ലീഗ് നേതൃത്വവും ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായും അറിയുന്നു. സംസ്ഥാനത്തെ ഒട്ടേറെ പ്രമാദമായ ക്രിമിനല്‍ കേസുകളില്‍ കോടതികളില്‍ ഹാജരായിട്ടുള്ള സി കെ ശ്രീധരന്‍ നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി മികവ് തെളിയിച്ചിട്ടുണ്ട്. ഇ പി ജയരാജന്‍ വധശ്രമക്കേസ്, കണ്ണൂരിലെ സേവറി ഹോട്ടല്‍ ആക്രമണം, നാ ല്‍പ്പാടി വാസു വധം, ചീമേനി കൂട്ടക്കൊല, കൂത്തുപറമ്പ് വെടിവെപ്പ്, തലശേരിയിലെ അസ്‌ന വധശ്രമം തുടങ്ങിയ ഒട്ടനവധി കേസുകളില്‍ അഡ്വ സി കെ ശ്രീധരന്‍ ഹാജരായിട്ടുണ്ട്.
എല്‍ഡിഎഫ് ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് തലശേരിയിലെ അസ്‌ന വധശ്രമക്കേസ് സി കെ ശ്രീധരനെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു.
കെ സുധാകരന്‍ എംപിക്കെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത്ബാബു ഈയിടെ നടത്തിയ വെളിെപ്പടുത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന കേസില്‍ കെ സുധാകരന് വേണ്ടി കോടതിയില്‍ ഹാജരായതും റിമാന്റിലായിരുന്ന അദ്ദേഹത്തിന് ജാമ്യം നേടിക്കൊടുത്തതും അഡ്വ സി കെ ശ്രീധരന്റെ അഭിഭാഷക ജീവിതത്തിലെ മികവുറ്റ സംഭവങ്ങളാണ്.
കേരള രാഷ്ട്രീയത്തില്‍ ഞെട്ടലുളവാക്കിയ പ്രമാദമായ ചീമേനി കൂട്ടക്കൊല കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ പി ടി രത്‌നസിംഗിനോടൊപ്പം കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് സി കെ ശ്രീധരനാണ്. ഈ കേസില്‍ പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
Keywords: Adv. C.K. Sreedharan, Special prosecutor, TP-Shukkur murder case, Kanhangad, Kasaragod