18 കാരിയെ പീഢിപ്പിച്ച് ഇരട്ടക്കുട്ടികളുടെ അമ്മയാക്കി; വിചാരണ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും
May 25, 2012, 16:39 IST
കാഞ്ഞങ്ങാട്: ലൈംഗിക പീഡനത്തിന് ഇരയായ 18 കാരി ഇരട്ടകളായ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ഈ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണയ്ക്കായി കേസിന്റെ ഫയലുകള്‍ ഹൊസ്ദുര്‍ഗ് കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചകേസിലെ പ്രതിയും വെസ്റ് എളേരി പുങ്ങംചാലിലെ കോഴിഫാം ഉടമയുമായ പി.എം. ജോസഫിന് (42) കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കി.
പുങ്ങംചാലിലെ 18 കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് ജോസഫിനെതിരെ പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തത്. മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ജോസഫിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ പെണ്‍കുട്ടി ജോലിചെയ്തുവരികയായിരുന്നു. ഒരു ദിവസം കോഴിഫാമിലെത്തിയ പെണ്‍കുട്ടിയെ ജോസഫ് ബലമായി കീഴ്പ്പെടുത്തുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. ജോസഫ് വിവാഹ വാഗ്ദാനം നല്‍കിയതിനാല്‍ പെണ്‍കുട്ടി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളിലും പെണ്‍കുട്ടിയെ ജോസഫ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിന്നീട് പ്രസവ ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ ജോസഫ് കൈയൊഴിയുകയായിരുന്നു. 2011 ഏപ്രില്‍ നാലിന് വെസ്റ് എളേരി പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിലാണ് ജോസഫിനെതിരെ പെണ്‍കുട്ടി പരാതിനല്‍കിയത്. വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോസഫിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ജോസഫ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മാവില സമുദായത്തില്‍പെട്ട പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. നാലാംതരംവരെ പഠനം നടത്തിയ പെണ്‍കുട്ടി പിന്നീട് കൂലി വേലയ്ക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ജോസഫിനെ പരിചയപ്പെട്ടതും കോഴിഫാമില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയതും. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ലൈംഗിക പീഡനം സംബന്ധിച്ച് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കിയിരുന്നു.
Keywords: Adivasi, Girl, Molestation, case, Kanhangad, Kasaragod