സിപിഎം നേതാവിനെ പ്രവര്‍ത്തകര്‍ സോഡാകുപ്പികൊണ്ട് കുത്തി
Dec 12, 2011, 15:02 IST
കാഞ്ഞങ്ങാട്: സിപിഎം നേതാവിനെ പ്രവര്‍ത്തകര്‍ സോഡാകുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. രാവണീശ്വരം വെള്ളംതട്ട കോളനിയിലെ തിരുമ്പന്റെ മകന്‍ കൃഷ്ണനാണ് (38) അക്രമത്തിനിരയായത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ കൃഷ്ണനെ കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടി പ്രവര്‍ത്തകരായ രാജേഷ്, രാധാകൃഷ്ണന്‍, രവി, അഖിലേഷ് തുടങ്ങിയവര്‍ സോഡാകുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് രണ്ട് ദിവസം മുമ്പ് കൃഷ്ണന്റെ പറമ്പിലെ 50ഓളം വാഴകള്‍ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചിരുന്നു. കൃഷ്ണന്റെ പിതാവ് തിരുമ്പനെ പാര്‍ട്ടിയിലെ ചിലര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യം മൂലമാണ് കൃഷ്ണന്റെ പറമ്പിലെ വാഴകള്‍ വെട്ടി നശിപ്പിച്ചത്. ഈ സംഭവത്തില്‍ കൃഷ്ണന്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതുസംബന്ധിച്ച പ്രശ്‌നം സിപിഎമ്മില്‍ പുകയുന്നതിനിടെയാണ് കൃഷ്ണന്റെ വാഴകള്‍ നശിപ്പിക്കപ്പെട്ടത്. ഊരു കൂട്ടം യോഗത്തില്‍ തിരുമ്പന്‍ ഒരു വീടിന് നല്‍കിയ അപേക്ഷയെ ചിലര്‍ എതിര്‍ത്തിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരിലാണ് തിരുമ്പനെ ഒരു സംഘം വീട് കയറി ആക്രമിച്ചത്.
തിരുമ്പനെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിനായി പരാതി നല്‍കാന്‍ മുന്‍ കൈയ്യെടുത്തത് കൃഷ്ണനാണെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കൃഷ്ണനെയും കുടുംബത്തെയും ലക്ഷ്യമിട്ട് അക്രമങ്ങള്‍ തുടരുന്നതെന്നാണ് ആക്ഷേപം. കൃഷ്ണനെയും പിതാവിനെയും ആക്രമിച്ച സംഭവവും വാഴകള്‍ വെട്ടിനശിപ്പിക്കപ്പെട്ടതും സിപിഎമ്മില്‍ രൂക്ഷമായ ചേരിതിരിവിന് കാരണമായിട്ടുണ്ട്.
Keywords: Attack, CPM Worker, Kanhangad, Kasaragod