ഭര്‍തൃവീട്ടില്‍ പീഡനം: ബന്ധുക്കള്‍ കോടതിയില്‍ കീഴടങ്ങി
Mar 14, 2012, 15:00 IST
പയ്യന്നൂര്‍ എടാട്ടെ കുഞ്ഞമ്പുവിന്റെ മകന്‍ രാമചന്ദ്രന്‍ (47), ഭാര്യ രജനി (36), നീലേശ്വരം ചെറപ്പുറത്തെ ദിനേശന്റെ ഭാര്യ രമാദേവി (40), മക്കളായ കെ.മനു, മനീഷ് എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍
ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണപുരം മൊട്ടമ്മലിലെ പ്രമീളയുടെ (30) പരാതിപ്രകാരം ഭര്‍ത്താവ് നീലേശ്വരം ആലിന്‍ കീഴിലെ ബി .രമേശന്‍, ഭര്‍തൃ സഹോദരിമാരായ രജനി, രമാദേവി, എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു. 2011 ഫെബ്രുവരി 27നാണ് ആലിന്‍ കീഴിലെ രാഘവന്റെ മകനും ബംഗാളി ബിഎസ്എഫ് കോണ്‍സ്റ്റബിളുമായ രമേശന്‍ പ്രമീളയെ വിവാഹം ചെയ്തത്.
വിവാഹ വേളയില്‍ പ്രമീളയ്ക്ക് വീട്ടുകാര്‍ 30 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. ഈ സ്വര്‍ണ്ണം ഉടന്‍ തിരിച്ചു തരാമെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ പ്രമീളയോട് വാങ്ങി പണയം വെച്ചെങ്കിലും സ്വര്‍ണ്ണം തിരിച്ചു നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പ്രമീളയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതിനുപുറമെ പ്രമീളയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്കിലെത്തിച്ചശേഷം ബലമായി ഒപ്പുവെപ്പിച്ച് നാലു ലക്ഷം രൂപയുടെ വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് രമേശന്‍ മാത്രമാണ് ഈ കേസില്‍ പിടിയിലാകാനുള്ളത്.
Keywords: kasaragod, Kanhangad, Harrasment, court