ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ സ്ഥലം മാറ്റം റദ്ദുചെയ്തു
Feb 29, 2012, 16:45 IST
കാഞ്ഞങ്ങാട്: സംഘടനാ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ അന്യസംസ്ഥാനങ്ങളിലേക്ക് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജ്മെന്റ് മുട്ടുമടക്കി. സ്ഥലംമാറ്റം റദ്ദ് ചെയ്യാന്‍ ഒടുവില്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായി. സ്ഥാപനത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കിയിരുന്നു.
സംഘടനാ രൂപീകരണത്തില്‍ അരിശംപൂണ്ട മാനേജ്മെന്റ് ഇതുമായി ബന്ധപ്പെട്ട 35 ജീവനക്കാരെ അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കാഞ്ഞങ്ങാട് ബ്രാഞ്ചിലെ ജീവനക്കാരന് രാവണീശ്വരത്തെ മണികണ്ഠനെ ഹൈദരാബാദിലേക്കാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രാഞ്ചിലെ മാനേജരടക്കം ഉദ്യോഗസ്ഥരും ജീവനക്കാരും ഒന്നടങ്കം സമരത്തിനിറങ്ങി.
കഴിഞ്ഞ മൂന്ന് ദിവസമായി മണപ്പുറം ശാഖയുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തി. മണികണ്ഠന്റെയും തലശ്ശേരി ബ്രാഞ്ചിലെ ശ്യാംസുന്ദറിന്റെയും കൃഷ്ണജിത്തിന്റെയും തളാപ്പ് ബ്രാഞ്ചിലെ പ്രമോദ്, മനീഷ് എന്നിവരുടെയും സ്ഥലംമാറ്റം റദ്ദാക്കാന്‍ മാനേജ്മെന്റ് തയ്യാറാവുകയായിരുന്നു.
സ്ഥാപനത്തിന്റെ റീജിയണല്‍ മാനേജര്‍ എ എം ജനാര്ദ്ദനന് നായര്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്, സിപിഐ നേതാവ് എ ദാമോദരന്‍, ജീവനക്കാരായ മനോജ്, സാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Finance company, Employees, Transfer, Cancelled, Kanhangad