ചെയ്തുതീര്‍ത്ത പ്രവൃത്തികള്‍ക്ക് പണം അനുവദിച്ചില്ല; കരാറുകാര്‍ ടെണ്ടര്‍ ബഹിഷ്‌ക്കരിച്ചു
Dec 16, 2011, 15:50 IST
കാഞ്ഞങ്ങാട്: ചെയ്തുതീര്‍ത്ത പ്രവൃത്തികള്‍ക്ക് പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭയിലെ കരാറുകാര്‍ വ്യാഴാഴ്ച ടെണ്ടര്‍ നടപടികള്‍ ബഹിഷ്‌കരിച്ചു. നഗരസഭ കരാറുകാര്‍ക്ക് തനതുഫണ്ടില്‍ നിന്ന് 65 ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. കുടിശിക കിട്ടുന്നതിന് മാസങ്ങളായി കരാറുകാര്‍ കാത്തിരിക്കുകയായിരുന്നു. ഖജനാവ് കാലിയാണെന്ന സ്ഥിരം ന്യായം ഉദേ്യാഗസ്ഥര്‍ ആവര്‍ത്തിച്ചതോടെ കരാറുകാര്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വ്യാഴാഴ്ച 4 ലക്ഷം രൂപയുടെ കല്ലൂരാവി റോഡിന്റെയും 9.25 ലക്ഷം രൂപയുടെ മീനാപ്പീസ് റോഡിന്റെയും ടെണ്ടറുകള്‍ ക്ഷണിച്ചിരുന്നുവെങ്കിലും കരാറുകാര്‍ ആരും ടെണ്ടറുകളില്‍ പങ്കെടുക്കാതെ ബഹിഷ്‌കരണം നടത്തി.
കുടിശിക കിട്ടാതെ നഗരസഭയിലെ കരാര്‍ പ്രവൃത്തികള്‍ ഒന്നും ഏറ്റെടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കരാറുകാര്‍. അതിനിടെ ചെയ്ത് പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടുന്ന പശ്ചാത്തല മോണിറ്ററിംഗ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ കരാറുകാരോട് വിവേചനത്തോടെ പെരുമാറുന്നതും പുതിയ വിവാദത്തിന് കളമൊരുക്കിയിട്ടുണ്ട്.
ചില കരാറുകാരെ തേടിപിടിച്ച് അവരുടെ പ്രവൃത്തികള്‍ പരിശോധിക്കാതെ ഫയലുകള്‍ മാസങ്ങളോളം പൂഴ്ത്തിവെക്കുന്നുവെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. മോണിറ്ററിംഗ് കമ്മിറ്റിയിലുള്ള ഒരു കൗണ്‍സിലര്‍ തന്റെ വീടിനടുത്തേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്തിത്തരണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അതിന് തയ്യാറാകാതിരുന്ന ഒരു കരാറുകാരന്‍ നേരത്തെ തന്നെ റോഡ് പണി പൂര്‍ത്തിയാക്കിയതിന്റെ ഫണ്ട് കിട്ടാന്‍ നഗരസഭ അധികൃതരെ സമീപിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കരാറുകാരനെ തിരിച്ചയച്ചുവത്രെ. ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണം പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റി തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത കരാറുകാരെ വട്ടം കറക്കാനാണ് പശ്ചാത്തല മോണിറ്ററിംഗ് കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ ശ്രമമെന്ന് കരാറുകാര്‍ ആരോപിക്കുന്നു.
Keywords: Contractors, Tender, Kanhangad, Kasaragod