Viral Meningitis | കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി 5 കുട്ടികള്‍ ആശുപത്രിയില്‍
● പ്രൈമറി വിഭാഗം വിദ്യാര്‍ഥികളാണ് ചികിത്സയില്‍.
● കടുത്ത പനിയും തലവേദനയും ഛര്‍ദിയുമായിരുന്നു.
● അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചു.
● സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ നഗരസഭ ആവശ്യപ്പെട്ടു.
കൊച്ചി: (KasargodVartha) എറണാകുളം കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ തുടരുന്നു. കടുത്ത പനിയും തലവേദനയും ഛര്‍ദിയുമായാണ് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കളമശേരിയിലെ സ്വകാര്യ സ്‌കൂളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചു. സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ബുധനാഴ്ച പുറത്ത് വന്നേക്കും.
രോഗലക്ഷണങ്ങള്‍
അസഹ്യമായ തലവേദനയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന രോഗലക്ഷണം. കഴുത്തിലെ പേശികളുടെ വലിവ്, തീവ്രമായ പനി, മാനസികവിഭ്രാന്തി, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. കുട്ടികളില്‍ ഉറക്കക്കൂടുതല്‍, അപസ്മാരം, സന്നിപാതം (Delirium) എന്നിവയും കണ്ടുവരുന്നു.
തലച്ചോറിന്റെയും സുഷുമ്‌നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധര്‍മ്മം. ഏതു പ്രായക്കാര്‍ക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും വൈറസുകളും ബാക്ടീരിയയും മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകള്‍, ചില ഔഷധങ്ങള്‍ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Five children in Kalamassery are hospitalized with viral meningitis symptoms, but none of their conditions are serious. Tests results will be out soon.
#ViralMeningitis, #ChildrenHealth, #Kalamassery, #HealthAlert, #KochiNews, #Keralanews