Nutrition | അകാല വാര്‍ധക്യം തടഞ്ഞ് തിളങ്ങുന്ന ചര്‍മ്മം പ്രധാനം ചെയ്യുന്നു; മുളപ്പിച്ച പയറിന്റെ അത്ഭുത ഗുണങ്ങൾ അറിയാം
● അര്‍ബുദത്തില്‍നിന്നും സംരക്ഷിക്കുന്ന ഗ്ലൂക്കോറാഫനിന്‍ അടങ്ങിയിരിക്കുന്നു.
● രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു.
● ശരീരഭാരം കുറക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം.
(KasargodVartha) മുളയ്ക്കുമ്പോള്‍ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.
ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലായതിനാല്‍ പ്രാതലിന് പ്രോട്ടീന്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. മുളപ്പിച്ച പയര്‍ അത്തരത്തില്‍ കഴിക്കാന്‍ പറ്റിയ ഒരു ഹെല്‍ത്തി ഫുഡാണ്. കൂടാതെ, പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുളപ്പിക്കുന്ന ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു.
മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു.
അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്. ഇവയില്‍ നിരോക്‌സീകാരികള്‍ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്‌സിഫൈ ചെയ്ത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് ക്ലോറോഫില്‍ ആണ്.
മുളപ്പിക്കുമ്പോള്‍ ജീവകം ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നു. അതിനാല്‍ ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. മുളയ്ക്കുമ്പോള്‍ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാന്‍ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിര്‍മാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.
ദഹനത്തിന് സഹായകം
മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയ പയറു മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുളയില്‍ ധാരാളം ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം നിയന്ത്രിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
രക്തചംക്രമണം വര്‍ധിപ്പിക്കുന്നു
രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.
ശരീരഭാരം കുറക്കുന്നു
ശരീരഭാരം കുറക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇവ ദീര്‍ഘ നേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോര്‍മോണായ ഘ്രെലിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.
രോഗപ്രതിരോധശക്തിക്ക്
ജീവകം സി മുളപ്പിച്ച പയറില്‍ ധാരാളം ഉള്ളതിനാല്‍ ശ്വേതരക്താണുക്കള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
കാഴ്ചശക്തിക്ക്
ജീവകം എ യും മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
ഹൃദയത്തിന്
മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്.
അസിഡിറ്റി കുറക്കുന്നു
മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങള്‍ക്കും കാരണം.
അകാല വാര്‍ധക്യം തടയുന്നു
അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളയില്‍ ഉണ്ട്. പയറ് മുളപ്പിച്ച് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രായമാകലിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിന് സാധിക്കുന്നു. കലോറി കുറവായതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
ചര്‍മത്തിന്
മുളയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇവ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളയില്‍ അടങ്ങിയ ജീവകം സി കൊളാജന്റെ നിര്‍മ്മാണത്തിനു സഹായിക്കുക വഴി ചര്‍മത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു. കൂടുതല്‍ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.
തലമുടിക്ക്
മുളപ്പിക്കുമ്പോള്‍ പയര്‍വര്‍ഗങ്ങളില്‍ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയര്‍ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മുളയില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉല്‍പ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുന്നു. താരനും മറ്റു പ്രശ്‌നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിന്‍ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ബയോടിന്‍ ഒരു ബി കോംപ്ലക്‌സ് വൈറ്റമിന്‍ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
കൊളസ്‌ട്രോള്‍ കുറക്കുന്നു
നാരുകളും പൊട്ടാസ്യവും അടങ്ങിയ മുളപ്പിച്ച പയര്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മുളപ്പിച്ച പയറിന്റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
#sproutedlentils #healthbenefits #nutrition #protein #fiber #antioxidants #digestivehealth #immunityboost #weightloss #hearthealth #skincare #haircare #healthylifestyle #plantbased #vegetarian #vegan #superfoods