Ramadan | നോമ്പ് തുറ വിപണിയിൽ എണ്ണക്കടികളോടുള്ള പ്രിയം കുറയുന്നുവോ? തിരക്കില്ലാതെ വിൽപനശാലകൾ; സമൂസയോടുള്ള ഇഷ്ടത്തിന് മാത്രം മാറ്റമില്ല
● ആരോഗ്യപരമായ കാരണങ്ങളാൽ എണ്ണക്കടികൾ ഒഴിവാക്കുന്നു.
● പ്രത്യേക 'ഷവർമ സമൂസ'യ്ക്ക് ആവശ്യക്കാർ കൂടുന്നു.
● പള്ളിക്കറി - നെയ്ച്ചോർ പൊതികൾ തട്ടുകടകളിൽ ഒതുങ്ങി.
കാസർകോട്: (KasargodVartha) എണ്ണക്കടികൾക്ക് പ്രിയം കുറഞ്ഞോ? നോമ്പുകാലത്ത് നോമ്പുതുറ വിഭവ വിൽപന ശാലകളിൽ മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന തിരക്ക് ഇത്തവണ ഇല്ലാത്തതിന്റെ കാരണം എണ്ണക്കടികളോടുള്ള നോമ്പുകാരുടെ താൽപ്പര്യം കുറഞ്ഞു എന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ വിഭവങ്ങളിൽ 'സമൂസ'യ്ക്കുള്ള പ്രിയം കുറഞ്ഞിട്ടില്ല. വിൽപ്പനയിൽ ഒന്നാമൻ സമൂസ തന്നെയാണ് ഇപ്പോഴും.
പ്രധാന സ്ഥലങ്ങളിൽ ദിനംപ്രതി പ്രധാന നോമ്പ് വിഭവ വില്പനശാലകളിൽ പതിനായിരത്തിലേറെ സമൂസ വിറ്റഴിക്കുന്നുണ്ട്. പള്ളികളിലേക്ക് നോമ്പ് തുറക്ക് സ്പോൺസർമാരും, കമ്മിറ്റികളും നൽകുന്നത് വേറെയും. റമദാൻ പകുതിയായതോടെ എണ്ണക്കടികൾക്ക് പ്രിയം കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാരും സമ്മതിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ വിൽപന ഷാളുകൾക്ക് മുന്നിൽ ഉണ്ടാകാറുള്ള തിരക്ക് ഈ പ്രാവശ്യം കാണാനുമില്ല. എണ്ണയിൽ വറുത്തതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങൾ പലരും ഒഴിവാക്കുന്നതും ആരോഗ്യത്തിൽ ശ്രദ്ധയൂന്നുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനാൽ റമദാൻ വിഭവങ്ങൾ ഒരുക്കിയാണ് വൈകുന്നേരം ഹോട്ടലിനു മുൻവശം പ്രത്യേക കൗണ്ടറുകൾ ഒരുക്കി കച്ചവടം നടത്തുന്നത്. ബേക്കറികളിലും റമദാൻ വിഭവങ്ങൾ വിൽപ്പന നടത്തുന്നുണ്ട്. ഇതുകൂടാതെ സമൂസ വില്പനയ്ക്ക് മാത്രമായി വഴിവാണിഭ കച്ചവടക്കാരുമുണ്ട്. ഇതിനായി റോഡരികിൽ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
സമൂസയ്ക്ക് പുറമെ 25 ഓളം നോമ്പ് തുറ വിഭവങ്ങൾ വിൽപ്പന ശാലകളിൽ ഉണ്ടാവുന്നുണ്ട്. ചിക്കൻ, കീമ, വെജിറ്റബിൾ സമൂസകൾക്ക് പുറമെ 'ഷവർമ സമൂസ'യും വിൽപന ശാലകളിലുണ്ട്. ഷവർമ സമൂസയ്ക്ക് ഒരെണ്ണത്തിന് 15 മുതൽ 20 രൂപ വരെയാണ് വില ഈടാക്കുന്നത്. ഈ സ്പെഷ്യൽ സമൂസയ്ക്ക് ആവശ്യക്കാരേറേയുമാണ്.
പള്ളിക്കറി - നെയ്ച്ചോർ പൊതി പലയിടത്തും ഈ പ്രാവശ്യം തട്ടുകടകളിൽ ഒതുങ്ങിയിട്ടുണ്ട്. ചിക്കൻ-ബീഫ് റോൾ, കട്ട്ലറ്റ്, മുട്ട-ബജി പപ്സുകൾ, ചിക്കൻ സാൻവിച്ചുകൾ, പിസ്സ, ബർഗർ, മുളകുവട തുടങ്ങിയ വിഭവങ്ങളാണ് വിൽപന ഷാളുകളിൽ ഉള്ളത്. വിലയാകട്ടെ പലവിധമാണ്. ഉള്ളി ബജ, കടല തുടങ്ങിയവ കിലോ അടിസ്ഥാനത്തിലാണ് നൽകുന്നത്. ഇതിന് കിലോയ്ക്ക് 200 രൂപ വരെ ഈടാക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Oil-based snacks have seen a decline in popularity during Ramadan, but samosas remain a top choice. Health-consciousness is influencing food preferences.
#RamadanFood #Samosa #HealthConscious #KasaragodNews #FoodTrends #RamadanSpecial