Food Safety | കാസർകോട്ട് വിതരണം ചെയ്ത മിൽമ പാലിൽ മണ്ണെണ്ണയുടെയോ ഡീസലിന്റെയോ മണം അനുഭവപ്പെട്ടതായി വ്യാപക പരാതി; സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു
● പാലിൽ രാസവസ്തുക്കൾ കലരാൻ സാധ്യതയില്ലെന്നാണ് മിൽമ അധികൃതർ പറയുന്നത്.
● ടാങ്കറുകൾ കഴുകുന്നതിനിടെ അബദ്ധത്തിൽ കലർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
● ഉപഭോക്താക്കളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്.
കാസർകോട്: (KasargodVartha) കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ വിതരണം ചെയ്ത മിൽമ പാലിൽ മണ്ണെണ്ണയുടെയോ ഡീസലിന്റെയോ മണം അനുഭവപ്പെട്ടതായി വ്യാപകമായ പരാതി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉപഭോക്താക്കൾ തങ്ങളുടെ ആശങ്ക പങ്കുവെച്ചതോടെ നിരവധി പേരാണ് സമാനമായ അനുഭവം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. നോമ്പ് കാലമായതിനാലും, കനത്ത ചൂടും കാരണം ജ്യൂസിനും മറ്റും മിക്കവരും ആശ്രയിക്കുന്നത് മിൽമ പോലുള്ള പാലുകളെയാണ്.
പാലിന് ഏറ്റവും കൂടുതൽ ചിലവുള്ള സമയം കൂടിയാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ പാലിന് ഇരിട്ടി വിൽപനയാണ് ജില്ലയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലിന് രുചി വ്യത്യാസമുണ്ടെന്നും മണ്ണെണ്ണയുടെയോ ഡീസലിന്റെയോ മണം അനുഭവപ്പെട്ടതായും പലരും പറയുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ഭയവും ഉപഭോക്താക്കൾക്കുണ്ട്. അതിനാൽ തന്നെ ഈ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെടണമെന്നുമാണ് അവരുടെ പ്രധാന ആവശ്യം.
കാഞ്ഞങ്ങാട് ഭാഗത്ത് വിതരണം ചെയ്ത പാലിൽ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ലിറ്റർ പാൽ ഉപയോഗശൂന്യമായതായി വിവരമുണ്ട്. വിതരണം ചെയ്ത നിരവധി പാൽ പാകറ്റുകൾ മിൽമ അധികൃതർ തിരിച്ചെടുക്കുകയും ചെയ്തു. മാവുങ്കാലിലെ ജില്ല ഡയറിയിൽ നിന്നാണ് ഈ പാൽ വിതരണം ചെയ്തത്. ഡയറിയിലേക്ക് പാൽ എത്തിക്കുന്ന ടാങ്കറുകൾ കഴുകുന്നതിനിടെ അബദ്ധത്തിൽ ഡീസലോ മറ്റോ കലർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ടാങ്കറുകളുടെ ചുമതല സ്വകാര്യ വ്യക്തികൾക്കാണ്.
എന്നാൽ പാലിൽ രാസപദാർഥങ്ങൾ കലരാൻ സാധ്യതയില്ലെന്നാണ് മിൽമ അധികൃതർ പറയുന്നത്. വിശദമായ രാസപരിശോധനയ്ക്ക് ശേഷമാണ് പാൽ പാകറ്റുകളിലാക്കുന്നത്. രാസവസ്തുക്കൾ കലർന്നിട്ടുണ്ടെങ്കിൽ പരിശോധനയിൽ കണ്ടെത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പൂച്ചക്കാട്ടെ ഒരു ഹോട്ടലുടമ ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച് അയച്ചിട്ടുണ്ടെന്ന് മിൽമ ഡയറക്ടർ പി പി നാരായണൻ അറിയിച്ചു. നേരത്തെ രാസപരിശോധനകൾ കൃത്യമായി നടത്തുന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖല മിൽമ ചെയർമാൻ കെ എസ് മണി ഉടൻതന്നെ മാവുങ്കാൽ ജില്ല ഡയറി സന്ദർശിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Widespread complaints of kerosene or diesel smell in Milma milk distributed in Kasaragod. Consumers demand an investigation by the Food Safety Department. Milma officials have sent samples for expert testing and assure consumers there's no need to worry.
#MilmaMilk, #FoodSafety, #Kasaragod, #MilkContamination, #PublicHealth, #Investigation