Health | ഹൃദയാഘാതം മൂലമുള്ള കുഴഞ്ഞുവീണ് മരണങ്ങൾ കൂടുന്നതിനാൽ ജാഗ്രത അനിവാര്യം; കാരണം വാക്സിനല്ലെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധൻ; ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്നും ഡോക്ടർമാർ
● കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു പ്രതിഭാസമായിരുന്നു.
● വാക്സിൻ എടുത്തത് കൊണ്ടാണ് ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
● ലോകത്ത് ഹൃദയ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇൻഡ്യയിലെ ജനങ്ങൾ ഏറെ പിന്നിലാണ്.
കാസർകോട്: (KasargodVartha) ഹൃദയാഘാതം മൂലമുള്ള കുഴഞ്ഞുവീണ് മരണങ്ങൾ കൂടുന്നതിനാൽ അലസമായ ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പ്രമുഖ ഡോക്ടർമാർ കാസർകോട് വാർത്തയോട് പറഞ്ഞു. കോഴിക്കോട് മെഡികൽ കോളജിലെ 20-ാമത് ബാച്ചിലെ 60 ഓളം സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ യോഗം ശനിയാഴ്ചയും ഞായറാഴ്ചയുമായി കാഞ്ഞങ്ങാട് നടക്കുന്നതിൻ്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവർ ഇതേ കുറിച്ച് പ്രതികരിച്ചത്.
ലോകത്ത് ഹൃദയ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇൻഡ്യയിലെ ജനങ്ങൾ ഏറെ പിന്നിലാണ്. 30 ശതമാനത്തോളം ആളുകളിൽ ഹൃദ്രോഗം കാണുന്നുണ്ടെന്ന് പ്രമുഖ കാർഡിയോളജിസ്റ്റും എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം തലവനുമായ ഡോ. എം കെ മൂസക്കുഞ്ഞി പറഞ്ഞു.
പ്രോടീൻ അടങ്ങുന്ന ഭക്ഷണങ്ങൾ മറ്റ് രാജ്യക്കാർ കഴിക്കുകയും ജീവിത ശൈലീ രോഗങ്ങൾ ഒഴിവാക്കാൻ വ്യായാമം അടക്കം നടത്തുകയും ചെയ്യുമ്പോൾ ഇൻഡ്യക്കാർ പ്രോടീൻ ഭക്ഷണങ്ങൾ കഴിക്കാതെയും
ജീവിത ശൈലിയിൽ മാറ്റം വരുത്താതെയും വ്യായാമമുറകൾ നടത്താതിരിക്കുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. ഇതുകാരണം 50 ശതമാനം ആളുകളിലും ഹൃദ്രോഗ സാധ്യത കൂടുന്നു.
അമിത മദ്യപാനം, പുകവലി, ഉറക്കകുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസിക സംഘർഷം, മാനസിക സമ്മർദം തുടങ്ങിയവ ഹൃദ്രോഗത്തിലേക്ക് നയിക്കാൻ ഇടയാക്കുന്നു. അതിനാൽ, ഹൃദയാഘാതത്തെ തടയാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് അത്യാവശ്യമാണ്. കൊളസ്ട്രോൾ കൂടുമെന്ന് പറഞ്ഞ് നമ്മൾ പ്രോടീൻ കൂടുതലുള്ള ഇറച്ചി, മുട്ട, മീൻ, പാൽ എന്നിവ ഒഴിവാക്കുന്നതായി കാണുന്നുണ്ട്. പ്രോടീൻ്റെ കുറവ് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മിതമായ അളവിൽ ഇവയൊക്കെ കഴിക്കുകയാണ് വേണ്ടതെന്നും ഡോ. മുസക്കുഞ്ഞി കുട്ടിച്ചേർത്തു.
ആരോഗ്യകരമായ കാരണങ്ങളും ജീവിത ശൈലി രോഗങ്ങളും ജങ്ക് ഫുഡുകളും ശീതളപാനീയങ്ങളുടെ ഉപയോഗവുമാണ് ഹൃദ്രോഗം പിടിപെട്ട് ആളുകൾ കുഴഞ്ഞുവീണ് മരിക്കാൻ കാരണമെന്നും മസ്‌തിഷ്‌ക സംബന്ധമായ രോഗങ്ങളും ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നും കോഴിക്കോട് മെഡികൽ കോളജിൽ മെഡിസിൻ വിഭാഗം തലവനായിരുന്ന ഡോ. പി കെ ശശിധരൻ പറഞ്ഞു.
കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു പ്രതിഭാസമായിരുന്നു. ഇതിൻ്റെ ആഘാതം ഹൃദയാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ എടുത്തത് കൊണ്ടാണ് ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതെന്ന ചില പ്രചാരങ്ങൾ നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും 35 വർഷം സർകാർ സർവീസിൽ പീഡിയാട്രീഷനായി സേവനം ചെയ്ത എം ഇ എസ് ആശുപത്രിയിലെ ഡോ. പുരുഷോത്തമൻ പറഞ്ഞു.
ഡോ. നാസർ, ഗൈനകോളജിസ്റ്റ് ഡോ. അംബുജ, ഡോ. കൊച്ചുറാണി, മാനസിക രോഗവിദഗ്ദ്ധൻ ഡോ. ആനന്ദൻ തുടങ്ങി 60 ഡോക്ടർമാർ തിരുവനന്തപുരത്ത് നിന്നും ശനിയാഴ്ച ഉച്ചയ്ക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലാണ് കാസർകോട്ടെത്തിയത്. കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിലാന്ന് യോഗം നടക്കുന്നത്. ചികിത്സാരംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുകയെന്നതാണ് കൂടിച്ചേരലിൻ്റെ ലക്ഷ്യമെന്ന് ഡോക്ടർമാർ അറിയിച്ചു. കാസർകോടിൻ്റെ പൈതൃകത്തെയും പ്രദേശങ്ങളെയും അറിയുകയെന്നതും ഈ കൂടിച്ചേരലിൻ്റെ മറ്റൊരു ലക്ഷ്യമാണ്.
#HeartAttack #COVIDVaccine #Doctors #LifestyleChange #HealthAdvice #Kasargod