Violation | അച്ചാറിൽ കണ്ടെത്തിയത് അമിത അളവിൽ രാസവസ്തു; കടയുടമയ്ക്കും നിര്‍മാതാവിനും കനത്ത ശിക്ഷ വിധിച്ച് കാസർകോട് കോടതി
● കടയുടമകൾക്ക് 5000 രൂപ വീതം പിഴ.
● നിർമ്മാതാവിന് 25,000 രൂപയും പിഴ വിധിച്ചു.
● ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി.
കാസർകോട്: (KasargodVartha) അനുവദനീയമായ അളവിനേക്കാൾ കൂടുതൽ രാസവസ്തു അടങ്ങിയ അച്ചാര്‍ വിറ്റ കടയുടമയ്ക്കും നിര്‍മാതാവിനും കാസർകോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. കാസർകോട് നഗരത്തിലെ മെട്രോ റീട്ടെയിലേഴ്‌സ് എന്ന കടയില്‍ നിന്ന് വാങ്ങിയ ടെന്‍ഡര്‍ മാംഗോ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പ്രിസര്‍വേറ്റീവ് ആയ ബെന്‍സോയേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മെട്രോ റീട്ടെയിലേഴ്‌സ് കടയുടെ ഉടമകളായ കോഴിക്കോട് സ്വദേശി നിമേഷ് എം, കണ്ണൂർ സ്വദേശി മുഷീര്‍ സി എച്ച് എന്നിവര്‍ക്ക് 5000 രൂപ വീതവും, അച്ചാര്‍ നിര്‍മാതാക്കളായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈന്‍ഡ് ഫുഡ്‌സിന്റെ ഉടമ സജിനി സജന് 25,000 രൂപയും പിഴയാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കോടതി പിരിയുന്നത് വരെ തടവ് അനുഭവിക്കാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാജീവൻ വാച്ചാൽ ഉത്തരവിട്ടു.
2021 നവംബര്‍ 26ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ പി മുസ്തഫ നടത്തിയ പരിശോധനയിലാണ് രാസവസ്തു കണ്ടെത്തിയത്. 400 ഗ്രാം ടെന്‍ഡര്‍ മാംഗോ അച്ചാര്‍ വാങ്ങി, ഇത് പരിശോധനയ്ക്കായി കോഴിക്കോട് റീജിയണല്‍ ലാബിലേക്ക് അയച്ചു. 2021 ഡിസംബര്‍ 30-ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ബെന്‍സോയേറ്റ് അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006-ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ഫുഡ് സേഫ്റ്റി വകുപ്പ് അറിയിച്ചു.
ബെൻസോയേറ്റ് എന്താണ്?
ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് ബെൻസോയേറ്റ്. സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം ബെൻസോയേറ്റ് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഇത് ലഭ്യമാണ്. അച്ചാറുകൾ, ജാം, ജ്യൂസുകൾ, സോസുകൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിൽ ഇത് ഉപയോഗിക്കുന്നു. എന്നാൽ, അനുവദനീയമായ അളവിൽ കൂടുതൽ ബെൻസോയേറ്റ് ശരീരത്തിൽ എത്തിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അനുസരിച്ച് ബെൻസോയേറ്റിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod court fined the owner and manufacturer of a store for selling mango pickle with excessive preservatives, violating food safety standards.
#KasaragodNews #FoodSafety #Preservatives #KasaragodCourt #ChemicalViolation #ConsumerProtection