Relief | മുഖ്യമന്ത്രിയുടെ നിര്‍ദേശം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പരിചരണത്തിന് കാസര്‍കോട് വികസന പാകേജില്‍ 376.84 ലക്ഷം
● 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രയോജനം ലഭിക്കും.
● 19 അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 147.22 ലക്ഷം രൂപയും അനുവദിച്ചു.
● എൻഎച്ച്എം വഴി നൽകിയിരുന്ന കേന്ദ്രസഹായം നിർത്തിയതിനെ തുടർന്നാണ് സഹായം.
കാസര്‍കോട്: (KasargodVartha) ജില്ലയുടെ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സേവനങ്ങള്‍ തുടരുന്നതിനുള്ള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 376.84 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് എന്‍എച്ച്എം വഴി നല്‍കിയിരുന്ന കേന്ദ്ര സഹായം നിര്‍ത്തല്‍ ചെയ്തതോടെ ദുരിതത്തിലായവര്‍ക്ക് അടിയന്തിര തുടര്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി ദുരിതബാധിതര്‍ക്കുള്ള ചികിത്സ സഹായവും മറ്റ് പരിപാലന പ്രവര്‍ത്തനങ്ങളും കാസര്‍കോട് വികസന പാകേജിന് കീഴില്‍ ഏറ്റെടുക്കുന്നതിനായി ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ അധിവസിക്കുന്ന 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയവരില്‍ പലരും സാമൂഹ്യമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവരായതിനാലും കുറഞ്ഞവരുമാന നിലവാരം കൊണ്ട് ആവശ്യമായ പിന്തുണ നല്‍കാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് കഴിയാത്തതിനാലും അടിയന്തിര സഹായം നല്‍കിയില്ലെങ്കില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായ മരുന്ന്, മെഡിക്കല്‍ ഉപകരണ വിതരണം, മനുഷ്യ വിഭവശേഷി നല്‍കല്‍, ആംബുലന്‍സ്സ് സൗകര്യം, ഡയപ്പര്‍ വാങ്ങല്‍, സമാശ്വാസ ചികിത്സ, എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് താങ്ങും തണലുമാകും.
ഇതോടൊപ്പം ജില്ലയില്‍ നിലവില്‍ ഭരണാനുമതി നല്‍കിയതും പഞ്ചായത്ത് വിഹിതം കുറവുമായ 19 അംഗനവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും തന്നെ അധിക വിഹിതമായി 147.22 ലക്ഷം രൂപ ജില്ലാ കളക്ടര്‍ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയില്‍ വകയിരുത്തി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
₹376.84 lakh has been allocated for Endosulfan victims in Kasaragod, following the Chief Minister's directive. The funds, under the district's development package, will support medical and care services after central assistance was discontinued.
#EndosulfanRelief, #Kasaragod, #KeralaGovt, #HealthCare, #Funding, #SocialWelfare