Innovation | ലോക വനിതാ ദിനം: അംഗണവാടി കുട്ടികൾക്കുള്ള പോഷകാഹാരമായ 'അമൃതം ന്യൂട്രിമിക്സ്' വികസിപ്പിച്ച ഡോ. നിലോഫർ പുതിയ പരീക്ഷണത്തിൽ
● സിപിസിആർഐയുടെ കൃഷിവിജ്ഞാന കേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫീസറാണ്.
● സംസ്ഥാനത്തെ 300 ലധികം കുടുംബശ്രീ യൂണിറ്റുകൾ അമൃതം പൊടി ഉൽപ്പാദിപ്പിക്കുന്നു.
● കുമാരി പ്ലസ് എന്ന പൂരക ഭക്ഷണം ഡോ. നിലോഫറിൻ്റെ സംഭാവനയാണ്.
● പുതിയ ന്യൂട്രിമിക്സ് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചു.
കാസർകോട്: (KasargodVartha) സംസ്ഥാനത്തെ അംഗണവാടി കുട്ടികൾക്ക് പോഷകാഹാരമായ അമൃതം ന്യൂട്രിമിക്സ് വികസിപ്പിച്ച ഡോ. നിലോഫർ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട്. എറണാകുളം കടവന്ത്ര സ്വദേശിനി ഡോ. നിലോഫർ ഇല്യാസ് കുട്ടിയാണ് 'അമൃതം ന്യൂട്രി മിക്സ് വികസിപ്പിച്ചെടുത്ത് ദരിദ്രകുട്ടികളുടെ മാതാവായി മാറിയത്. മാർച് എട്ടിന് ലോക വനിതാ ദിനം ആചരിക്കുമ്പോൾ ഡോ. നിലോഫറിൻ്റെ ജീവിതം ഒരു പ്രചോദനമാണ്. പോഷകാഹാര രംഗത്തെ അവരുടെ സമർപ്പണവും കണ്ടുപിടുത്തങ്ങളും ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും സ്ത്രീ ശാക്തീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം വരുന്ന അംഗൺവാടി കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രി മിക്സ് വികസിപ്പിച്ചെടുത്ത ഇവർ കാസർകോട് സിപിസിആർഐയുടെ കൃഷിവിജ്ഞാന കേന്ദ്രം ചീഫ് ടെക്നികൽ ഓഫീസറാണ്. രണ്ട് പതിറ്റാണ്ട് മുൻപ് ഡോ.നിലോഫർ നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് അമൃതം ന്യൂട്രി മിക്സ് വികസിപ്പിച്ചത്. കുട്ടികളിലെ ഭാരക്കുറവ്, ഉന്മേഷമില്ലായ്മ, ദഹന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ഗോതമ്പ്, നിലക്കടല, കടല, സോയ, ശർക്കര തുടങ്ങിയവ ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി. ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ കാസർകോട് ബേഡഡുക്ക പഞ്ചായതിൽ ആദ്യമായി ഇത് പരീക്ഷിച്ചു.
ഈ പോഷകാഹാരം കഴിച്ച കുട്ടികളിൽ ഭാരവർധനവ്, ഉന്മേഷം, ദഹനം എന്നിവ മെച്ചപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ഇത് സംസ്ഥാനത്തെ എല്ലാ അംഗണവാടി കുട്ടികൾക്കും വിതരണം ചെയ്യാൻ അനുമതി ലഭിച്ചു. സംസ്ഥാനത്തെ 300 ലധികം കുടുംബശ്രീ യൂനിറ്റുകൾ മുഖാന്തിരം പ്രതിവർഷം 2,500 ടണിലധികം അമൃതം പൊടി ഉൽപ്പാദിപ്പിക്കുന്നുണ്ട്. പോഷക കുറവ് പരിഹാരവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി നീങ്ങിയ പദ്ധതി ഇന്ന് കുതിപ്പിലാണ്. തിരുവനന്തപുരം കാർഷിക കോളജിൽ നിന്ന് ഭക്ഷ്യ- പോഷക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും നേടിയ ഡോ.നിലോഫർ, പിന്നീട് കാസർകോട് സിപിസിആർഐയിൽ ജോലിയിൽ പ്രവേശിച്ചു.
താൻ വികസിപ്പിച്ച പോഷകാഹാരം കഴിച്ച് സംസ്ഥാനത്തെ അംഗണവാടി കുട്ടികൾ വളരുന്നതും, ഇത് കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്നതും കാണുമ്പോൾ സന്തോഷമുണ്ടെന്ന് ഡോ. നിലോഫർ പറയുന്നു.
നിലവിൽ ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പുതിയ ന്യൂട്രി മിക്സ് വികസിപ്പിച്ച് കേന്ദ്ര സർകാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് ഡോ. നിലോഫർ. കുമാരി പ്ലസ് എന്ന പൂരക ഭക്ഷണവും അവരുടെ പ്രധാന സംഭാവനയാണ്.
കൂടാതെ അമ്മമാർ ഉണ്ടാക്കുന്ന ഉണ്ണിയപ്പം, കേക് തുടങ്ങിയ വിഭവങ്ങളുമായി മുംബൈയിൽ സംഘടിപ്പിച്ച പാചകമേളയിലും ഡോ.നിലോഫർ വിജയിയായിരുന്നു. എറണാകുളം കടവന്ത്രയിലെ ഇല്യാസ് കുട്ടി- സുഹറ ദമ്പതികളുടെ മകളാണ് 58 കാരിയായ നിലോഫർ. ഭർത്താവ് ഡോ. കെ ശാനവാസ് കാസർകോട് പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജ് മുൻ പ്രിൻസിപലും ഇപ്പോൾ മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിംഗ് കോളജ് പ്രിൻസിപലുമാണ്. മക്കൾ: രജത് നവാസ്, സായൂജ് നവാസ്.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Dr. Nilofar, developer of 'Amrutham Nutrimix' for Anganwadi children, continues her research. Her contributions in nutrition and women empowerment are highlighted on International Women's Day.
#WomensDay, #DrNilofar, #AmruthamNutrimix, #Nutrition, #WomenEmpowerment, #Kerala